ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന് കനത്ത തിരിച്ചടിയായി ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സാർഥമാണ് കിമ്മിന്റെ രാജി. പലവട്ടം കൈവിട്ട ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ഇക്കുറി സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.

ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം പരിശീലക വേഷത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് കിം ഉണ്ടായിരുന്നത്. എന്നാൽ, ഈ ചെറിയ കാലയളവിനുള്ളിൽ താരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കിമ്മിന്റെ പടിയിറക്കം. ഏതാനും ആഴ്ചകൾക്കു മുൻപ് ഭർത്താവിന് പക്ഷാഘാതം വന്നതോടെയാണ് കിം ഇന്ത്യ വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ന്യൂസീലൻഡിലാണ് കിം.

രാജ്യാന്തര ബാഡ്മിന്റനിൽ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്നു കിം. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരിൽ പുറത്താക്കപ്പെട്ടതോടെയാണ് സിന്ധുവിന്റെ പരിശീലകയായത്. മുഖ്യ പരിശീലകൻ പുല്ലേല ഗോപചന്ദ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കൊപ്പം പെട്ടെന്ന് ഇണങ്ങിയ കിം നൽകിയ നിർദ്ദേശങ്ങളാണ് ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ഇക്കുറി കിരീടം നേടാൻ സിന്ധുവിനെ സഹായിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

∙ കിം കോച്ചാണ്, ഡോക്ടറും!

‘കോച്ച് ഒരു ഡോക്ടറെപ്പോലെയാണ്. പ്രകടനം മോശമായാൽ, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് കോച്ചിന്റെ കടമ.’ ഇത്തവണത്തെ ലോക ചാംപ്യൻഷിപ് ആരംഭിക്കുന്നതിനു മുൻപ് സിന്ധുവിന്റെ ദക്ഷിണ കൊറിയക്കാരി കോച്ച് കിം ജി ഹ്യുൻ പറഞ്ഞത് ഇങ്ങനെ. കിമ്മിന്റെ വാക്കുകൾ അച്ചട്ടായി. ‘ഫൈനൽപ്പേടിയുടെ’ പേരിൽ പഴികേട്ടിരുന്ന സിന്ധുവിനു മുന്നിൽ ഇക്കുറി ഒകുഹാര പച്ച തൊട്ടില്ല. ഫൈനലിനിടെ, ഇന്ത്യൻ പരിശീലകൻ പി.ഗോപീചന്ദിനൊപ്പമിരുന്നു സിന്ധുവിനെ ഉത്തേജിപ്പിച്ച അതേ കിമ്മാണു സ്വർണം എത്തിപ്പിടാക്കാനുള്ള ‘മരുന്ന്’ സിന്ധുവിനു കുറിച്ചു കൊടുത്തതും!

ഈ വർ‌ഷം ആദ്യം മുതൽ കിമ്മിനു കീഴിലായിരുന്നു സിന്ധുവിന്റെ പരിശീലനം. ഗോപീചന്ദിനെക്കാളേറെ ഇക്കാലയളവിൽ സിന്ധുവിനെ നിയന്ത്രിച്ചിരുന്നതും കിം തന്നെ. സിന്ധുവിനു കായികശേഷിയുണ്ടെങ്കിലും കൈമിടുക്കിലെ പോരായ്മയാണു തിരിച്ചടി എന്നായിരുന്നു കിമ്മിന്റെ കണ്ടെത്തൽ. കിമ്മിന്റെ ശിക്ഷണത്തിൽ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാമെന്ന സിന്ധുവിന്റെ സ്വപ്നത്തിനു കൂടിയാണ് രാജിയോടെ തിരിച്ചടിയായത്.