ഗായിക വാണി ജയറാമിന്റെ മരണകാരണം വീഴ്ചയിൽ തലയ്ക്കേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ വീണതായും ആ വീഴ്ചയില്‍ തല മേശയിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. മരണത്തിൽ അസ്വഭാവികമായി മറ്റൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്.

പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.

ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ് മലയാളത്തില്‍ അവസാനം പാടിയത് . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ച് രാജ്യം ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കും മുന്‍പാണ് അപ്രതീക്ഷിത വിയോഗം.

സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. 1969 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം, മരണം സംഭവിച്ചതാകട്ടെ 2023 ഫെബ്രുവരി നാലിനും. 2018ൽ ജയറാം അന്തരിച്ചു.