ഷിബു മാത്യൂ
ന്യൂസ് ഡെസ്‌ക് മലയാളം യുകെ
സംഗീത ലോകത്തെ ഒരു പറ്റം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതത്തെ ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ട്. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ബിനോയ് തോമസ്, കുവൈറ്റില്‍ നിന്നും ജേക്കബ് തമ്പി, ദുബൈയില്‍ നിന്നും ബിന്ദു സാബു എന്നിവരാണ് ഈ ഗ്രൂപ്പിന്റെ അമരക്കാര്‍. അവിശ്വസനീയമായ കഴിവുകള്‍ ഉണ്ടായിട്ടും അതവതരിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നവരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്അനുയോജ്യമായ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിനുള്ളതെന്ന് ഗ്രൂപ്പിന്റെ അഡ്മിനായ ബിനോയ് തോമസ് പറഞ്ഞു. സംവിധായകരായ സിദ്ധിക്, രാജസേനന്‍, മധുപാല്‍ തുടങ്ങിയ മലയാള ചലച്ചിത്ര ലോകത്തെ പല പ്രമുഖരും ഈ ഗ്രൂപ്പിലുണ്ട്. അതു കൊണ്ട് തന്നെ കഴിവുള്ള കലാകാരന്മാര്‍ക്ക് സിനിമാലോകത്ത് നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളേറെയെന്നും ബിനോയ് പറഞ്ഞു.
യുകെയില്‍ നിന്നും ഹരീഷ് പാലാ, ഡോ. ഫഗദ് മുഹമ്മദ്, ജിയാ മോള്‍, ജോണ്‍സണ്‍, സന്തോഷ് നമ്പ്യാരുള്‍പ്പെടെ ഇരുപതോളം ഗായകരും ഇവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ഗായകരും ഈ ഗ്രൂപ്പിലുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് സംഗീത മത്സരം 2020 എന്ന പേരില്‍ ഒരു സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. ലോകത്തിനെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഗായകര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അത്യധികം ആവേശകരമായ മത്സരത്തിനൊടുവില്‍ കേരളത്തില്‍ നിന്നും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദേശിനിയായ രമ്യാ ലിംസണ്‍ മികച്ച ഗായികയായി തെരെഞ്ഞെടുക്കപ്പെട്ടു.
സരസ്വതി ശങ്കര്‍, ലൗലി ജനാര്‍ദ്ദനന്‍, സജീവ് മംഗലത്ത്, ഹരീഷ് മണി, ഓമനക്കുട്ടന്‍, അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വി. ഡി. സതീശന്‍ MLA അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. നോയല്‍ കുരിശിങ്കല്‍ ക്യാഷ് അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് പി. വി. ലാജു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സാബു വാരാപ്പുഴയേയും ചടങ്ങില്‍ ആദരിച്ചു. പുത്തന്‍വേലിക്കരയിലെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ അനുമോദനവും മില്‍മ മുന്‍ ചെയര്‍മാന്‍ എം ഡി ജയന്‍ രമ്യയ്ക്കും വി ഡി സതീശന്‍ MLA അന്‍സന്‍ കുറുമ്പത്തുരുത്തിനും സമ്മാനിച്ചു. യൂണിഫോം മ്യൂസിക് ആന്റ് ബാന്റിന്റെ പ്രതിനിധി ബിനോയ് കിഴക്കേടത്ത് സംസ്‌കൃതി പുത്തന്‍വേലിക്കര കോര്‍ഡിനേറ്റര്‍ രജ്ഞിത് മാത്യൂ, എബ്രാഹം മാമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply