ടെക്‌സാസ്: ദത്തു പുത്രിയായ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തിയന്ന കുറ്റമാണ് നഴ്‌സായ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസിനെ റിച്ചാര്‍ഡ്‌സണ്‍ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാല് കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ വീടിന് പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനെ അറിയിച്ചത്.
രണ്ട് ആഴ്ചകള്‍ക്ക് ശേഷം മൂന്ന് വയസുകാരിയായ കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒരു കലുങ്കിന് അടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാല്‍ കുടിക്കുന്നതിനിടെ ശ്വാസതടസമുണ്ടായി കുട്ടി മരിച്ചെന്ന് വെസ്ലി മൊഴി മാറ്റി. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു. പോലീസ് സംരക്ഷണത്തിലായിരുന്ന ഇവരുടെ സ്വന്തം മകളായ നാലുവയസുകാരിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിനി കോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെ സിനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷെറിന്‍ മരിക്കുന്നതിനു തലേ ദിവസം വെസ്ലിയും സിനിയും അവരുടെ കുട്ടിയുമായി പുറത്തു പോയി ഭക്ഷണം കഴിക്കുകയും ഒരാള്‍ക്കുള്ള ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. ആ സമയത്ത് ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഇവര്‍ തിരികെയെത്തുമ്പോള്‍ ഷെറിന്‍ അടുക്കളയിലായിരുന്നെന്നും വാറണ്ടില്‍ പറയുന്നു.
Leave a Reply