ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ജീവിതത്തിൽ ബാധിച്ച ക്യാൻസർ എന്ന പ്രതിസന്ധിയെ സധൈര്യം നേരിട്ട വിഗാനിലെ മലയാളി നേഴ്സ് സിനി ജോബിയുടെ (41) മരണം യുകെ മലയാളികളെ ആകെ ദുഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നാല്പത്തിയൊന്നുകാരിയായ സിനി തൊടുപുഴ കാലയന്താനി വാളിയങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ്. ഒരു വർഷത്തോളമായി രോഗത്തിന് ചികിത്സയിലായിരുന്ന സിനി, രോഗം ഏറെക്കുറെ ഭേദമായെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്ന അവസരത്തിലാണ്, രോഗം വീണ്ടും കലശലായി മരണത്തിലേക്ക് എത്തുന്നത്. രോഗം പൂർണമായും ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് സിനി തന്റെ കുടുംബാംഗങ്ങളെ ഡൽഹിയിലും, നാട്ടിലുമെത്തി സന്ദർശിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലുള്ള തന്റെ സുഹൃത്തുക്കളെയും സിനി ചികിത്സയ്ക്ക് ശേഷം സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ എത്തുകയും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാർത്ത വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ക്യാൻസർ ചികിത്സയ്ക്ക് പേരുകേട്ട മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആയിരുന്നു സിനിയുടെ ചികിത്സ നടന്നിരുന്നത്. മരണത്തിന് തൊട്ടു മുൻപ് വരെയും സിനിക്ക് ബോധം ഉണ്ടായിരുന്നതായും, ചുറ്റും നിന്നിരുന്ന ഭർത്താവിനോടും ഏക മകനായ ഒൻപത് വയസ്സുകാരൻ ആൽബിനോടും സംസാരിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ തനിക്ക് ദൈവസാന്നിധ്യം വെളിപ്പെട്ടതായും സിനി ഭർത്താവിനോട് പറഞ്ഞു. സിനിയുടെ വിയോഗം താങ്ങാനാവാതെ നിരവധി സുഹൃത്തുക്കൾ പുലർച്ച് തന്നെ മരണ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. ജോബിയുടെ സഹോദരൻ കെന്റിലും, സഹോദരി ലെസ്റ്ററിലുമാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
Leave a Reply