മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലിസ്റ്റയര്‍ കുക്കിന് നൈറ്റ്ഹുഡ്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമാണ് കുക്ക്.
1990ല്‍ കീവീസ് താരം സര്‍ റിച്ചാര്‍ഡ് ഹഡ്ലീ ഈ നേട്ടം കൈവരിച്ചിരുന്നു, ഹഡ്ലിക്ക് ശേഷമാണ് കുക്കുനെ തേടി നൈറ്റ്ഹുഡ് എത്തുന്നത്. 2018ല്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. എസ്‌ക്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുകയാണ് കുക്ക്. ക്രിക്കറ്റ് താരമായിരിക്കെ തന്നെ നൈറ്റ്ഹുഡ് ലഭിക്കുന്ന താരമെന്ന നേട്ടവും കുക്കിന് സ്വന്തമായിരിക്കുകയാണ്.
പേരിന് മുന്‍പ് സര്‍ എന്ന് വരുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലുമാവുന്നില്ലെന്നായിരുന്നു കുക്കിന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷേ ഈ ചടങ്ങില്‍ നടന്നു വന്ന് മുട്ടുകുത്തി നില്‍ക്കുക എന്ന ചിന്ത തന്നെ എന്നെ അസ്വസ്ഥമാക്കി. വിചിത്രമായിരുന്നു അത്. ഇതുവരെ പേരിനൊപ്പം ഇല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ വരുന്നു. ജീവീതത്തില്‍ ഒരിക്കലും അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും കുക്ക് പറഞ്ഞു.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമാണ് കുക്ക്(33). ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിരിക്കുന്ന താരവും കുക്ക് തന്നെ(161). ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡിങ് റണ്‍ സ്‌കോററും കുക്കാണ്(12,742). ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകളും വന്നിരിക്കുന്നത് കുക്കിന്റെ കൈകളിലേക്കാണ്(175). ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്കെത്തിച്ച നായകനും ഇദ്ദേഹം തന്നെയാണ്(59).2007ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര്‍ ഇയാന്‍ ബോതത്തിന് നൈറ്റ്ഹുഡ് ലഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് മറ്റൊരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നത്.
Leave a Reply