ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ പ്രധാനമന്ത്രി റിഷി സുനക് ചെയ്യാതെ പോയ കാര്യങ്ങൾ താൻ പൂർത്തിയാക്കുമെന്ന് സർ കെയർ സ്റ്റാർമർ. ക്രമാനുഗതമായ പുകവലി നിരോധനം, ഫുട്ബോളിലെ നിയന്ത്രണങ്ങൾ, രോഗബാധിത രക്തം സംബന്ധിച്ച അഴിമതിക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പരാമർശിച്ചു. കൺസർവേറ്റീവ് എംപിമാർക്കിടയിൽ മുമ്പ് വിവാദമായിരുന്ന പുകവലി നിരോധനം, പാർലമെൻ്റിൽ ലേബർ പാർട്ടിക്ക് ഗണ്യമായ ഭൂരിപക്ഷമുള്ളതിനാൽ ഇപ്പോൾ നടപ്പിലാക്കാനുള്ള സാധ്യതയുണ്ട്. തൻ്റെ പ്രസംഗത്തിൽ, 14 വർഷത്തെ ടോറി സർക്കാരിൻെറ ഭരണത്തെയും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ ശ്രദ്ധ പ്രശ്‌നങ്ങളെ ചൂഷണം ചെയ്യുന്നതിനേക്കാൾ പരിഹരിക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 14 വർഷക്കാലത്ത് ജയിലുകൾ, നദികൾ, കടലുകൾ എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്ത് കാട്ടി. ദേശീയ നവീകരണത്തിന് സുസ്ഥിരമായ പരിശ്രമം ആവശ്യമാണെന്നും പെട്ടെന്നുള്ള പരിഹാരങ്ങൾ കൊണ്ട് അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ പാർട്ടിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ഗ്രാമീണ സമൂഹങ്ങളുടെ ആശങ്ക കൺസർവേറ്റീവ് മുൻ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് മുന്നോട്ട് വച്ചിരുന്നു. ഇതിന് മറുപടിയായി ഒരു ഗ്രാമീണ സമൂഹത്തിൽ താൻ വളർന്നതെന്നും നിലവിലുള്ള പല ലേബർ എംപിമാരും ഗ്രാമപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ലേബർ പാർട്ടിയുടെ പ്രകടന പത്രികയിൽ കൃഷിയോടുള്ള ശ്രദ്ധക്കുറവ് ഗ്രഹാം സ്റ്റുവർട്ട് എടുത്തുകാണിച്ചു. രാജാവിൻ്റെ പ്രസംഗത്തിലും ഈ വിഷയത്തിൽ 87 വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ഭരണങ്ങളെ വിമർശിച്ചുകൊണ്ടുള്ള സ്റ്റാർമർ പ്രസംഗം പുതിയ സർക്കാർ നയങ്ങൾ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷ ഉയർത്തുന്നവയാണ്. പ്രാദേശിക തലത്തിൽ എതിർപ്പ് നേരിടേണ്ടി വന്നേക്കാവുന്ന വിവാദ നയങ്ങൾ നടപ്പിലാക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും മുന്നോട്ടുള്ള പാത ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞവ ആയിരിക്കും.