ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബാങ്ക് അവധിദിനങ്ങളും വാരാന്ത്യങ്ങളും പ്രയോജനപ്പെടുത്തി ബ്രിട്ടീഷുകാർക്ക് അടുത്ത വർഷം അധിക അവധി ദിനങ്ങൾ ആസ്വദിക്കാൻ കഴിയും. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുന്നതിനാൽ അടുത്ത വർഷം നാല് ദിവസത്തെ ബാങ്ക് അവധിയിലേയ്ക്ക് ബ്രിട്ടീഷുകാരെ പരിഗണിക്കും. എന്നാൽ ജീവനക്കാർക്ക് അവരുടെ വാർഷിക അവധി പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. പൊതു അവധിദിനങ്ങളും വാരാന്ത്യങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യുന്ന ആളുകൾക്ക് 22 ദിവസത്തെ വാർഷിക അവധി ഉപയോഗിച്ച് 54 ദിവസം വരെ അവധി നേടാനാകും. 2022 ലെ ആദ്യത്തെ ബാങ്ക് അവധി ദിനം ജനുവരി 3 തിങ്കളാഴ്ചയാണ് വരുന്നത്. ജനുവരി 4, 5, 6, 7 അവധിയെടുക്കുന്നതിലൂടെ ആകെ ഒമ്പത് ദിവസത്തെ അവധി നേടാം; ജനുവരി 1 ശനിയാഴ്ച മുതൽ ജനുവരി 9 ഞായർ വരെ. ഏപ്രിൽ 15 വെള്ളിയാഴ്ചയും ഏപ്രിൽ 18 തിങ്കളാഴ്ചയും ബാങ്ക് അവധിദിനങ്ങളാണ്. അതിനാൽ തന്നെ ഏപ്രിൽ 19, 20, 21, 22 ദിനങ്ങൾ വാർഷിക അവധി ആയി എടുക്കുകയാണെങ്കിൽ, ആകെ 10 ദിവസത്തേക്ക് അവധി ലഭിക്കും; ഏപ്രിൽ 15 വെള്ളി മുതൽ ഏപ്രിൽ 24 ഞായർ വരെ.

മെയ്‌ 2 വ്യാഴാഴ്ചയാണ് ബാങ്ക് അവധി ദിനം. അതിനാൽ തിങ്കൾ മുതൽ ബുധൻ വരെ അവധിയെടുത്താൽ തുടർന്നുള്ള വാരാന്ത്യവും കൂട്ടി 9 ദിവസത്തെ അവധി ലഭിക്കും. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർക്ക് മൂന്ന് ദിവസത്തെ അവധിദിനം ബുക്ക് ചെയ്യുന്നതിലൂടെ ആകെ ഒമ്പത് ദിവസം ജോലിയിൽ നിന്ന് ഒഴിവാകാൻ കഴിയും. മെയ് 30, മെയ് 31, ജൂൺ 1 ബുധൻ എന്നിവ അവധി ദിവസമായി ബുക്ക് ചെയ്താൽ രാജ്ഞിയുടെ ജൂബിലി ആഘോഷത്തിനുള്ള അധിക ബാങ്ക് അവധി ദിവസങ്ങൾ ജൂൺ 2, ജൂൺ 3 തീയതികളിൽ വരുന്നുണ്ട്. മെയ് 28 ശനി, മെയ് 29 ഞായർ, തുടർന്ന് ജൂൺ 4 ശനി, ജൂൺ 5 ഞായർ എന്നീ വാരാന്ത്യ ദിനങ്ങൾ കൂടി കണക്കിലെടുത്താൽ ആകെ 9 ദിവസത്തെ അവധി ലഭിക്കും.

സമ്മർ ബാങ്ക് ഹോളിഡേ ഓഗസ്റ്റ് 29 തിങ്കളാഴ്ചയാണ്. അതിനാൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ വാർഷിക അവധി എടുക്കുകയാണെങ്കിൽ അവിടെയും 9 ദിവസത്തെ അവധി ലഭിക്കും. ക്രിസ്മസ് കാലയളവിൽ ഡിസംബർ 26, ഡിസംബർ 27 എന്നിവ ബാങ്ക് അവധി ദിവസങ്ങളാണ്. ഡിസംബർ 28, 29, 30 വാർഷിക അവധി ആയി എടുക്കുകയാണെങ്കിൽ, ഡിസംബർ 24 മുതൽ ജനുവരി 1 വരെ ആകെ എട്ട് ദിവസം ഓഫീസിൽ നിന്ന് അവധിയെടുത്ത് പോകാൻ സാധിക്കും. ഇങ്ങനെ 22 വാർഷിക അവധി ദിനങ്ങൾ വാരാന്ത്യങ്ങളുമായി ബന്ധിപ്പിച്ച് എടുക്കുകയാണെങ്കിൽ കൂടുതൽ അവധി ദിനങ്ങൾ ലഭിക്കും. യുകെയിലെ മുഴുവൻ സമയ ജീവനക്കാർക്ക് പ്രതിവർഷം 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നു. ചില തൊഴിലുടമകൾ ബാങ്ക് അവധിദിനങ്ങൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്.