ജോൺസൺ വേങ്ങത്തടം 

കോട്ടയ്ക്കുപുറത്തിന്റെ അമ്മ നമ്മെ വിട്ടു പോയിരിക്കുന്നു. പ്രാര്‍ഥനയിലൂടെയും വിശ്വാസപരിശീലനത്തിലൂടെയും സേവനത്തിലൂടെയും പുഞ്ചിരി നിറഞ്ഞ പെരുമാറ്റത്തിലൂടെയും കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയെ അനുഗ്രഹിച്ചവള്‍. ഇത് സിസ്റ്റര്‍ ഹെൻട്രിറ്റ എന്ന എല്ലാവരുടെയും ഹെൻട്രിറ്റാമ്മ. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഹെൻട്രിറ്റാമ്മ എന്ന സ്‌നേഹപേരില്‍ മാത്രം വിളിച്ചവള്‍. അതു കേള്‍ക്കുമ്പോഴുണ്ടാകുന്ന അവരുടെ സന്തോഷമായിരുന്നു എല്ലാവരുടെയും മനസ് നിറച്ചിരുന്നത്.

കോട്ടയ്ക്കുപുറം സെന്റ് ആന്‍സ് മഠാംഗം. നീണ്ട 83 വര്‍ഷക്കാലം ഈ ഭൂമിയില്‍ ജീവിച്ചെങ്കില്‍ ഭൂരിപക്ഷംവര്‍ഷവും കോട്ടയ്ക്കുപുറത്ത് ഈ അമ്മയുണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്ക് പാല്‍പ്പൊടി നല്‍കാന്‍, വസ്ത്രങ്ങള്‍ നല്‍കാന്‍,പാവപ്പെട്ട സ്ത്രീകള്‍ക്ക് അത്താണിയായി ഇവരുടെ സാന്നിധ്യം നിറഞ്ഞുനിന്നു. വിശുദ്ധ കുര്‍ബാനയില്‍ കുട്ടികളെ ഒരുക്കുന്നതില്‍, അല്‍ത്താരബാലന്‍മാരുടെ പരിശീലനം, സണ്‍ഡേ സ്‌കൂളില്‍ വിശ്വാസപരിശീലനം, മിഷന്‍ലീഗ് ,ഗായകസംഘം, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, ക്യാമ്പുകള്‍ നീളുന്നു ഇവരുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന വേദികള്‍. എത്ര പുരോഹിതരും സന്യസ്തരും ഇവരുടെ ശിഷ്യസമ്പത്തിന്റെ ഭാഗമാണ്.

എത്രവര്‍ഷങ്ങള്‍ക്കുശേഷം കണ്ടാലും പേര് ചൊല്ലിവിളിക്കുന്ന സ്‌നേഹമുണ്ടല്ലോ, അതായിരുന്നു ഹെന്റിറ്റമ്മ. അമ്മയെ കണ്ടാല്‍ ഓടി എത്താത്തവരില്ല. അവര്‍ക്കെല്ലാവരും കുട്ടികളായിരുന്നു. മഠത്തില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന മാവുകളും അതിലെ മാമ്പഴങ്ങളും കൊച്ചുകുട്ടികള്‍ക്കുവേണ്ടി ശേഖരിച്ചുവച്ചു കാത്തിരിക്കാന്‍ ഒരമ്മയുണ്ടായിരുന്ന കാലം. ഇന്നത്തെ പോലെ സാമ്പത്തികസ്ഥിതിയൊന്നുമില്ലാത്ത കാലത്തു പാല്‍പ്പൊടി നല്‍കി അനുഗ്രഹിച്ച ഒരമ്മയുണ്ടായിരുന്നു. വസ്ത്രങ്ങളും പണവും മാമ്പഴവും നല്‍കി അനുഗ്രഹിച്ചവള്‍. ഇന്നു പലരും ദാരിദ്യത്തെ മറക്കാന്‍ ശ്രമിക്കുമ്പോഴും അതെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. അന്ന് ദൈവത്തിന്റെ മണവാട്ടിയായിമാറിയ ഈ അമ്മമാരായിരുന്നു ജനത്തിന്റെ ആശ്വാസവും അത്താണിയും. കോട്ടയ്ക്കുപുറത്തു ജനിച്ചുവളര്‍ന്നു ഈ മണ്ണിന്റെ എല്ലാ നന്മകളും ആവോളം സ്വീകരിച്ചവളാണ് ഈ അമ്മ.

മണ്ണഞ്ചേരി കാലായില്‍ പരേതരായ വര്‍ഗീസ് – മറിയാമ്മ ദമ്പതികളുടെ മകള്‍. സന്യസ്തജീവിതം തെരഞ്ഞെടുത്തപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ത്തില്ല. സ്‌നേഹപൂര്‍വം ദൈവത്തിനായി മകളെ വിട്ടുനല്‍കി. മാതാപിതാക്കളുടെ മനസ് വായിച്ചതുപോലെ കോട്ടയ്ക്കുപുറത്തുതന്നെ നീണ്ടകാലം സേവനമേഖലയായി മകളെ സഭ നിശ്ചയിച്ചു. ചങ്ങനാശേരി സിഎംസി ഹോളി ക്ലീന്‍സ് പ്രൊവിന്‍സിന്റെ കീഴില്‍ ആര്‍പ്പൂക്കര, ഇത്തിത്താനം, കണ്ണമ്പള്ളി, നെട്ട, തോട്ടയ്ക്കാട്, ഫില്‍ഗിരി, തടിയൂര്‍, മിത്രക്കരി, ഐക്കരച്ചിറ, നിരണം എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ കോട്ടയ്ക്കുപുറത്താണ് നീണ്ടകാലം ജീവിച്ചത്.

വിശ്വാസപരിശീലനത്തില്‍ അവസാന വാക്കായിരുന്നു ഹെൻട്രിറ്റാമ്മ. ഈശോ എന്ന നാമം ഉരുവിടാന്‍ പഠിപ്പിച്ചവള്‍. പാട്ടുപാടാനും പ്രസംഗിക്കാനും നേതൃസ്ഥാനത്തേക്കുംകുട്ടികളെ കൈപിടിച്ചുനടത്തിയവള്‍. വിശുദ്ധകുര്‍ബാനയില്‍ പ്രാര്‍ഥന ചൊല്ലാന്‍ പഠിപ്പിച്ചവള്‍. അല്‍ത്താരബാലന്‍മാരെ പരിശീലിപ്പിച്ചു മിടുക്കരാക്കി അവരെ ദൈവവിളി അനുസരിച്ചു ജീവിക്കാന്‍ പഠിപ്പിച്ചവള്‍. അവള്‍ ജീവിക്കുകയായിരുന്നു ക്രിസ്തുവിനുവേണ്ടിമാത്രം. ഹൃദയങ്ങള്‍ നേടുകയായിരുന്നു ഈശോയ്ക്കുവേണ്ടിമാത്രം. ഈശോയായിരുന്നു എല്ലാം. ജപമാല തിരുമി നടന്നു പോകുന്ന ഹെൻട്രിറ്റാമ്മ മാതാവിന്റെ വലിയൊരു ഭക്തയായിരുന്നു. പ്രാര്‍ഥിച്ചുകൊണ്ടു നടന്നു പോയവള്‍. എപ്പോഴും ഒരു പുഞ്ചിരി ബാക്കി വച്ചിരിക്കുന്നതുപോലെ എല്ലാവരിലേക്കും പകരുന്നവള്‍. ഈ പുഞ്ചിരിക്കുവേണ്ടി മാത്രം കുട്ടികള്‍ചുറ്റുംകൂടുമായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവള്‍.

ദേവാലയത്തിനുള്ളിലെ അച്ചടക്കം നിര്‍ബന്ധമായിരുന്നു. വര്‍ത്തമാനം പറയുന്ന കുട്ടികളെ വഴക്കുപറയാന്‍ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിസ്തുവിന്റെ മുന്നില്‍ പ്രാര്‍ഥനയോടെ നില്‍ക്കണമെന്നു നിലപാട് സ്വീകരിച്ചിരുന്ന അമ്മ. ജോലി സംബന്ധമായി ദൂരങ്ങളിലേക്ക് പോകേണ്ടി വന്നെങ്കിലും തിരിച്ചു പള്ളിയില്‍ വരുമ്പോള്‍ കാണണമെന്നുമാത്രം ആഗ്രഹിച്ചിരുന്നു. ഹെൻട്രിറ്റാമ്മയെ അന്വേഷിക്കാതെ കടന്നു പോകാനും സാധിക്കില്ല. അത്രമാത്രം നമ്മുടെ ജീവിതവുമായി ഈ അമ്മ അടുത്തുനില്‍ക്കുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ജീവിതം മതിയെന്നു കാണിച്ചു തന്നിട്ടാണ് ഈ കുട്ടികളെയെല്ലാം ഉപേക്ഷിച്ച് ഇവര്‍ യാത്രയാകുന്നത്. എത്രപ്രായമായാലും ഞങ്ങള്‍ മക്കളാണെന്ന ബോധം നിറഞ്ഞുനില്‍ക്കുന്നു.സംഗീതം അറിയില്ലെങ്കിലും പാടിയതും പ്രസംഗിക്കാന്‍ അറിയില്ലെങ്കിലും പ്രസംഗിച്ചതും കുര്‍ബാനയ്ക്കു കൂടിയതും കഥാപ്രസംഗം പറഞ്ഞതും പിന്നില്‍ ധൈര്യം പകരാന്‍ ഈ സാന്നിധ്യം ഉള്ളതുകൊണ്ടായിരുന്നു. ആര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചില്ലെങ്കിലും സ്വര്‍ഗത്തിലിരുന്നു കോട്ടയ്ക്കുപുറം ഇടവകയ്ക്കുവേണ്ടിയും സഭയ്ക്കുവേണ്ടി ഇവിടുത്തെ ഓരോ മക്കള്‍ക്കുവേണ്ടിയും അമ്മ പ്രാര്‍ഥിക്കുമെന്നറിയാം. അമ്മയെ കണ്ണീരോടെ വിട പറയുന്നു. നന്ദി നിറഞ്ഞ മനസോടെ വിട.