യുദ്ധമുഖത്ത് ചാനലുകളുടെ ക്യാമറയില്‍ പതിയുന്നതുമാത്രമല്ല സാമൂഹിക സേവനം. നിശബ്ദമായി ആരോടും പറയാതെ തങ്ങളെക്കൊണ്ടാകുന്ന സേവനങ്ങള്‍ ചെയ്യുന്ന നിരവധിപ്പേരുണ്ട്. അവരൊന്നും ഒരുപക്ഷേ മലയാളത്തിലെ ചാനലുകളില്‍ കാണില്ല.

ഇങ്ങനെ ഉക്രൈന്റെ അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീയെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് സി. സോണിയ തെരേസ ഡി.എസ്.ജെ. അങ്കമാലി സ്വദേശിയായ സി. ലിജി പയ്യമ്പള്ളിയുടെ സേവനമാണ് സിസ്റ്റര്‍ സോണിയ തെരേസ് പങ്കുവയ്ക്കുന്നത്. ഉക്രൈന്‍കാരായ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് ഇതിനകം ആയിരക്കണക്കിന് ഇന്ത്യാക്കാരെയാണ് സി. ലിജി പയ്യമ്പള്ളി ഉക്രൈന്‍ അതിര്‍ത്തി കടത്തിയത്.

ചില സമയം സി. ലിജി സ്വയം ഡ്രൈവ് ചെയ്ത് തന്നെ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടത്തി. 20 വര്‍ഷത്തില്‍ അധികമായി ഉക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജിക്ക് ഉക്രൈന്‍ ഗവണ്‍മന്റ് ബഹുമാന സൂചകമായി നല്‍കിയ ഉക്രൈന്‍ പൗരത്വം ഈ ഒരു സാഹചര്യത്തില്‍ വളരെ ഉപകാരമായി തീര്‍ന്നുവെന്നും സി. സോണിയ കുറിക്കുന്നു.

സിസ്റ്ററിന്റെ കുറിപ്പ് ഇങ്ങനെ :

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാര്‍:

അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഇരകളായി ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഉക്രൈനില്‍ നിന്നും പാലായനം ചെയ്തപ്പോള്‍ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഇന്ത്യാക്കാര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിര്‍ത്തിയിലെത്തി കൊടുംതണുപ്പില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ബോര്‍ഡര്‍ കടക്കാന്‍ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാന്‍ പ്ലാന്‍ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെ കോള്‍ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാര്‍ത്ഥികളുടെ വേദന മനസിലാക്കിയ സിസ്റ്റര്‍ ലിജി വളരെ വേഗത്തില്‍ തന്നെ പോളണ്ടിന്റെ ബോര്‍ഡറില്‍ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ഉക്രൈനിലെ ഒരു മെത്രാനെയും വൈദികരെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടുംതണുപ്പില്‍ ഒരു സ്‌കൂളില്‍ കിടന്നുറങ്ങിയ ഒരു പറ്റം യുവജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവിധം താമസ സൗകര്യവും സ്വീകരണവും ഭക്ഷണവും ഒക്കെ ആ മെത്രാന്റെയും വൈദികരുടേയും നേതൃത്വത്തില്‍ ഏര്‍പ്പാടാക്കി.

കീവില്‍ നിന്നും ലിവീവില്‍ നിന്നും ഖാര്‍ക്കീവില്‍ നിന്നും പിന്നെ വിദ്യാര്‍ഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റര്‍ ലിജിയുടെ നേതൃത്വത്തില്‍ റുമേനിയാ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് ഒഴുകി. തീര്‍ത്തും അവശരായവരും ആദ്യം എത്തിയവരുമായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ ധ്യാനമന്ദിരത്തിന്റെ ഭാഗമായ കെട്ടിടങ്ങളില്‍ അഭയം നല്‍കി. ഭക്ഷണവും വെള്ളവും നല്‍കാനും വിശ്രമത്തിനു വേണ്ടി ഹീറ്റിംഗ് സംവിധാനം ഉള്ള മുറി ഒരുക്കാനും ആ കോണ്‍വെന്റിലെ മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകളും ഉക്രൈന്‍കാരായ 18 കന്യാസ്ത്രീകളും കഠിനപരിശ്രമം തന്നെ നടത്തി.

ചങ്ങനാശ്ശേരി-പാലാ രൂപതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി അപ്പോസ്തലേറ്റ് സംഘടനയോടും വേള്‍ഡ് മലയാളി ഫെഡറേഷനോടും (ണങഎ) ചേര്‍ന്ന് ഉക്രൈനിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിജിയും കൂട്ടരും നിരവധി ഗ്രൂപ്പ് വിദ്യാര്‍ത്ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചു. മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ഉക്രൈന്‍ സുഹൃത്തുക്കളുടെ സഹായം തേടിയ സിസ്റ്റര്‍ ലിജി അത്യാവശ്യ സാഹചര്യങ്ങളില്‍ കോണ്‍വെന്റിലെ വണ്ടി സ്വയം ഡ്രൈവ് ചെയ്തു വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചു. 20 വര്‍ഷത്തില്‍ അധികമായി ഉക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജിക്ക് ഉക്രൈന്‍ ഗവണ്‍മന്റ് ബഹുമാന സൂചകമായി നല്‍കിയ ഉക്രൈന്‍ പൗരത്വം ഈ ഒരു സാഹചര്യത്തില്‍ വളരെ ഉപകാരമായി തീര്‍ന്നു.

ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിര്‍ത്തിയിലേയ്ക്ക് സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്‌കില്‍ ട്രെയിനില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ ഉഷ്ഹോറോഡ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോള്‍ ഉഷ്ഹോറോഡ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടറുമായി സിസ്റ്റര്‍ ലിജി സംസാരിച്ചു വേണ്ട മുന്‍കരുതലുകള്‍ എടുത്തു. ഉഷ്ഹോറോഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ണങഎ) പ്രവര്‍ത്തകരും എല്ലാ സഹായത്തിനും സിസ്റ്റര്‍ ലിജി പയ്യമ്പള്ളിയുടെയും കൂട്ടരുടെയും കൂടെ ഉണ്ടായിരുന്നു.

ദുരന്തഭൂമിയില്‍ നിശബ്ദ സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീമാര്‍ തങ്ങളുടെ മേന്മയോ, കഷ്ടപ്പാടോ, ത്യാഗങ്ങളോ വിളിച്ച് പറയാന്‍ ഒരു മീഡിയയുടെയോ, ക്യാമറയുടെയോ മുമ്പില്‍ എത്താത്തതിനാല്‍ അധികമാരും ഇവരെ ശ്രദ്ധിക്കാന്‍ ഇടവന്നിട്ടില്ല. കേരളത്തിലെ ചാനലുകളില്‍ ഇരുന്ന് മണിക്കൂറുകള്‍ ക്രൈസ്തവ സന്യാസത്തെ വലിച്ച് കീറുന്ന മഹാന്‍മാര്‍ക്കും മഹതികള്‍ക്കും ഏറ്റവും സ്‌നേഹപൂര്‍വ്വം ഈ സന്യസ്തരുടെ സേവനങ്ങള്‍ സമര്‍പ്പിക്കുന്നു.