വയനാട്ടിലെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയുടെ വിജയം രാജ്യത്താകെ ചര്‍ച്ചയാകുകയാണ്. 55 വയസ്സുള്ള സിസ്റ്റര്‍ സബീന തിരുവസ്ത്രമണിഞ്ഞ് ഹര്‍ഡില്‍സിന് മുന്നിലൂടെ ഓടിയതും അതിലൂടെ സ്വര്‍ണം സ്വന്തമാക്കിയതുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തായന്നൂരിലെ മുളങ്ങാട്ടില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും ഈ വിജയം അഭിമാന നിമിഷമായി.
വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ 382 പോയിന്റ് നേടി തന്റെ ടീമിനും വിജയകിരീടം നേടിക്കൊടുത്തു. മറ്റു താരങ്ങള്‍ സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചപ്പോള്‍ സിസ്റ്റര്‍ തിരുവസ്ത്രമണിഞ്ഞാണ് ട്രാക്കിലിറങ്ങിയത്, അതാണ് എല്ലാവരെയും ആകര്‍ഷിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളില്‍ കായികാധ്യാപികയായ സിസ്റ്റര്‍ ചെറുപ്പം മുതലേ ഓട്ടമത്സരങ്ങളില്‍ സജീവമായിരുന്നു.
തായന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന്‍ ലൂക്കോസിന്റെ കീഴില്‍ സിസ്റ്റര്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, പാലക്കാട് മേഴ്സി കോളേജ്, ഈസ്റ്റ്ഹില്‍ കോളേജ് തുടങ്ങിയിടങ്ങളിലെ പഠനം കായികജീവിതത്തിന് ശക്തമായ അടിത്തറയായി. പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും ആത്മീയജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ പിന്നീട് അധ്യാപികയായി സമൂഹത്തിന് മാതൃകയായി. ഇന്ന് അവളുടെ സ്വര്‍ണനേട്ടം പ്രായത്തെ അതിജീവിച്ച സമര്‍പ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.











Leave a Reply