സുരക്ഷിതമല്ലാത്ത ദൈർഘ്യമേറിയ കോവിഡ് ഡ്യൂട്ടി കാരണം സ്വന്തം കുടുംബത്തെ തന്നെ നഷ്ടപ്പെട്ട് തീരാ കണ്ണീരിലാണ് സിനി എന്ന നഴ്‌സ്. പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ നഴ്‌സായിരുന്ന സിനിക്ക് നഷ്ടമായത് യാതൊരു അസുഖങ്ങളുമില്ലാതിരുന്ന ഭർത്താവിനേയും ഭർത്താവിന്റെ മാതാപിതാക്കളേയുമാണ്.
പാലുകുടിക്കുന്ന കൈക്കുഞ്ഞുള്ളതിനാൽ തന്നെ നഴ്‌സായിരുന്ന സിനിക്ക് വാക്‌സിൻ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോവിഡ് വാർഡുകൾ ആശുപത്രിയിൽ ആരംഭിച്ചപ്പോൾ തന്നെ ഒഴിവാക്കണമെന്ന് സിനി മാനേജ്‌മെന്റിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിയെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ആശുപത്രി ക്രൂരത കാണിച്ചത്. സുരക്ഷിതമല്ലാത്ത പിപിഇ കിറ്റ് ധരിച്ചും മാസ്‌കണിഞ്ഞും ഡ്യൂട്ടിയെടുക്കേണ്ടി വന്ന സിനിയിൽ നിന്നും കോവിഡ് കുടുംബത്തെ ഒന്നാകെ ബാധിക്കുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളൊഴികെ കുടുംബത്തെ കോവിഡ് കവർന്നെടുക്കുകയുമായിരുന്നു.
ജോലിക്ക് പോവാൻ പോലുമാകാതെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഈ നഴ്‌സ്. സ്വകാര്യആശുപത്രികളിൽ സുരക്ഷിതമല്ലാതെ ജോലി എടുക്കുന്ന അനേകം നഴ്‌സുമാരാണ് സിനിയുടെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇവർ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎൻഎയും ജാസ്മിൻ ഷായും.
വിഷയത്തെ കുറിച്ച് ജാസ്മിൻ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്:
പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിന്റെ ആർത്തി വരുത്തിവച്ച വൻദുരന്തം നോക്കൂ.. മനുഷ്യനായി പിറന്ന ആരുടേയും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഇങ്ങനെ ഒരു ദുരന്തം ഇനി നമ്മുടെ ആരുടേയും ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ… എല്ലാം നേരിടാനും സഹിക്കാനും ധൈര്യപൂർവ്വം മുന്നോട്ട് പോകാനുമുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ…
ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ….നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ അവിടത്തെ സ്റ്റാഫ് നഴ്‌സുമാരോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരത കണ്ണ് തുറന്ന് ഒന്ന് കാണൂ… മറ്റുള്ളവരെയും ഇത് അറിയിക്കൂ… ഇങ്ങനെ ചവിട്ടിത്തേയ്ക്കപ്പെടേണ്ടവരാണോ നഴ്‌സുമാർ!!
വായിച്ചാൽ ആരും വിശ്വസിക്കില്ല. പക്ഷേ 100% സത്യമാണ്. എല്ലാവരും വായിക്കുക. ഷെയർ ചെയ്യുകയും വേണം. സാൻജോ എന്ന പ്രൈവറ്റ് ആശുപത്രിയുടെ ലാഭക്കൊതി കാരണം ഒരു കുടുംബം ഇല്ലാതായ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന, ഞെട്ടിക്കുന്ന വാർത്ത… അതും ഈ കൊച്ചുകേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് നിന്നും.
ഇതിൽ പറയുന്ന സിനി എന്ന യുവതിക്ക് വെറും 31 വയസ്സ് മാത്രമാണ് പ്രായം. അവളുടെ ഇളയ കുഞ്ഞിന് ഒരു വയസ്സ് അങ്ങ് ആയിട്ടേയുള്ളൂ. പെരുമ്പാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സാൻജോ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു സിനി. ഭർത്താവ് ഉല്ലാസ് 36 വയസ്സ്, പെരുമ്പാവൂർ ടൗണിൽ ഒരു ടയർ റീട്രെഡ് ഷോപ്പ് നടത്തുന്നു. ഒരു വയസ്സും 5 വയസ്സും പ്രായമുള്ള 2 പിഞ്ചുകുഞ്ഞുങ്ങൾ. രണ്ടും പെൺകുട്ടികൾ. കൂടെ ഉല്ലാസിന്റെ അപ്പച്ചനും അമ്മച്ചിയും ഉണ്ട്. 60 പിന്നിട്ടവരാണെങ്കിലും കണ്ടാൽ അത്ര പ്രായം തോന്നാത്ത നല്ല ആരോഗ്യമുള്ള അപ്പച്ചനും അമ്മച്ചിയും. സിനി ഡ്യൂട്ടിക്കും ഉല്ലാസ് ഷോപ്പിലേക്കും പോയിക്കഴിഞ്ഞാൽ അപ്പച്ചനും അമ്മച്ചിയുമാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.
ടൗണിൽ KSRTC സ്റ്റാൻഡിന് അടുത്തായിട്ടാണ് വീട്. സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിൽ വളരെ സന്തോഷകരമായി ജീവിച്ചുപോയിരുന്ന ഒരു കുടുംബം. സിനി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ കോവിഡ് വാർഡ് തുടങ്ങിയതോടെയാണ് സിനിയുടെയും കുടുംബത്തിന്റെയും കഷ്ടകാലം ആരംഭിക്കുന്നത്. പാൽ കുടിക്കുന്ന കുഞ്ഞ് ഉള്ളതിനാൽ കൂടെയുള്ളവരെല്ലാം കോവിഡ് വാക്‌സിൻ എടുത്തപ്പോഴും സിനിക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് വാർഡിൽ പോസ്റ്റിംഗ് ഇട്ടവരുടെ കൂട്ടത്തിൽ സിനിയും ഉണ്ടായിരുന്നു. താൻ വാക്‌സിൻ എടുത്തിട്ടില്ല എന്നും തനിക്ക് ചെറിയ കുഞ്ഞുള്ളതാണ് എന്നും തന്നെ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യരുത് എന്നും സിനി അധികാരികളുടെ കാല് പിടിച്ച് അപേക്ഷിച്ചതാണ്. പക്ഷേ ആരുടേയും മനസ്സലിഞ്ഞില്ല. അങ്ങനെ സിനി കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതയായി.
രോഗികളിൽ നിന്ന് പണം പിടുങ്ങാനായി തട്ടിക്കൂട്ടി കോവിഡ് വാർഡുകൾ ഉണ്ടാക്കുന്ന പല ഇടത്തരം പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും ഡോണിംഗ് & ഡോഫിംഗ് സൗകര്യങ്ങളും PPE കിറ്റ്, N95 മാസ്‌ക്, ഗ്ലോവ്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്രത്തോളമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എത്ര മണിക്കൂറാണ് തുടർച്ചയായി കോവിഡ് ഡ്യൂട്ടി എന്നതും ഞാൻ പറയേണ്ട കാര്യമില്ല. എന്തായാലും കോവിഡ് വാർഡിൽ ഡ്യൂട്ടി ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ സിനിക്ക് പനി തുടങ്ങി. വീട്ടിൽ ഭർത്താവിനും അപ്പച്ചനും അമ്മച്ചിക്കും എല്ലാം പനി. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവരും പോസിറ്റീവ്.
അമ്മച്ചിയേയും അപ്പച്ചനെയും ഭർത്താവിനെയും വിവിധ ഹോസ്പിറ്റലുകളിലേക്ക് മാറ്റി. മെയ് 12 ന് അമ്മച്ചി മരിച്ചു. മെയ് 18 ന് അപ്പച്ചനും മരിച്ചു. മെയ് 20 ന് സിനിയുടെ ഭർത്താവ് ഉല്ലാസും മരിച്ചു. 36 വയസ്സുകാരനായ സിനിയുടെ ഭർത്താവിന് മറ്റ് യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്നു! ഇനി സിനിക്കും കുഞ്ഞുങ്ങൾക്കും ആരാണുള്ളത്. വരുമാനമാർഗ്ഗവും അടഞ്ഞു. സിനി എന്തെങ്കിലും ജോലിക്ക് പോകാം എന്നു വച്ചാൽ തന്നെ അഞ്ചു വയസ്സും 1 വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെ ആരെ ഏൽപ്പിച്ച് പോകും! സിനിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്. വീട്ടിൽ ചെന്ന വളരെ അടുത്ത ബന്ധുക്കളോടും നേരിൽ ചെല്ലാൻ വയ്യാത്തതിനാൽ ഫോണിൽ വിളിക്കുന്നവരോടും സിനി ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്.. എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ ഇനിയെങ്ങനെ ഭക്ഷണം കൊടുക്കും, അവരെ ഇനി ആര് നോക്കും!
മുളകീറുന്ന പോലെ കരഞ്ഞുകൊണ്ട് സിനി ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല! എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കളും കൂടെ കരയുന്നു. ഈ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമുക്കും നാളെ ഇങ്ങനെ സംഭവിക്കാൻ പാടില്ല എന്നുണ്ടോ? ഇതിനൊക്കെ എന്താണ് ഒരു പരിഹാരം? ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ…. എല്ലാം താങ്ങാനുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ.എല്ലാ ദുരന്തങ്ങളും മറികടന്ന് എല്ലാ സങ്കടങ്ങളിൽ നിന്നും കര കയറുവാൻ എത്രയും വേഗം സിനിയ്ക്ക് കഴിയട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.. നമുക്കാർക്കും ഇങ്ങനെ ഒരു പരീക്ഷണം ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ…
ഈ വിവരം അറിഞ്ഞിട്ട് എന്നെ പല ഭാഗങ്ങളിൽ നിന്നും പരിചയമുള്ള നഴ്‌സുമാർ വിളിച്ചിരുന്നു. പലരും താങ്ങാൻ കഴിയുന്നതിലും വലിയ മാനസിക സമ്മർദ്ദത്തിലാണ്. നമുക്ക് വല്ലതും പറ്റിയാൽ സഹിക്കാം, എന്നാൽ നമ്മൾ മുഖാന്തിരം നമ്മുടെ ഉറ്റവർക്ക് കോവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടാൽ നമ്മൾ അത് എങ്ങിനെ സഹിക്കും? ജീവൻ ബാക്കി ഉള്ളിടത്തോളം കാലം നമ്മുടെ ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും മൊത്തം നമ്മളെ കുറ്റപ്പെടുത്തില്ലേ? ജോലിക്ക് പോകാൻ പോലും തോന്നുന്നില്ല, വീട്ടിലുള്ളവരുമായി കൂടി ആലോചിച്ചിട്ട് ജോലിക്ക് പോകുന്നത് നിർത്താൻ പോകുന്നു എന്നൊക്കെയാണ് പലരും പങ്കുവച്ച വിഷമങ്ങൾ. ഈ വാർത്ത കണ്ടിട്ട് ഇങ്ങനെ പറയുന്നവരെ നമുക്ക് എങ്ങിനെ കുറ്റപ്പെടുത്താൻ കഴിയും??
അതുകൊണ്ട് ഇനി ഇങ്ങനെ ആവർത്തിച്ചു കൂടാ.. അതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കോവിഡ് വാർഡുകൾ ഉള്ള എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും സാമൂഹ്യഅകലം പാലിക്കാൻ മതിയായ സൗകര്യമുള്ള ഡോണിംഗ്, ഡോഫിംഗ് മുറികൾ ഉണ്ടോ എന്നും വാർഡുകളിൽ ആവശ്യത്തിന് വെന്റിലേഷൻ ഉണ്ടോ എന്നും കൃത്യമായ, ഗുണനിലവാരമുള്ള PPE ആവശ്യത്തിന് നൽകുന്നുണ്ടോ എന്നും പരിശോധിക്കണം. എറണാകുളം പട്ടണത്തിലുള്ള NABH അക്രെഡിറ്റേഷൻ ഒക്കെയുള്ള പ്രശസ്തമായ സർക്കാർ ആശുപത്രിയിൽ പോലും ഡോണിംഗ്, ഡോഫിംഗ് സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതൊക്കെ പരിശോധിക്കപ്പെടണം.
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയാലും ഗർഭിണികളെയോ മുലയൂട്ടുന്ന അമ്മമാരെയോ Immunocompromised ആയിട്ടുള്ള ഗുരുതരരോഗങ്ങൾ ഉള്ളവരെയോ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്ന ഉത്തരവ് വേണം. അത് ലംഘിക്കുന്നവരെ യാതൊരു ഇളവും നൽകാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.
അതല്ലെങ്കിൽ ഇപ്പോൾത്തന്നെ രൂക്ഷമായ കേരളത്തിലെ നഴ്‌സുമാരുടെ ക്ഷാമം ഇനിയും വളരെ രൂക്ഷമാകും. അത് ഈ നാടിന് താങ്ങാൻ പറ്റിയെന്ന് വരില്ല. സ്വന്തം ഉറ്റവരുടെ സുരക്ഷിതത്വം പേടിച്ച് ഒരാൾ ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചാൽ പിന്നെ എസ്മയല്ല, എന്തൊക്കെ ഉമ്മാക്കി കാട്ടിയാലും അയാളെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ ദിവസം 1100 രൂപയും ഭക്ഷണവും താമസസൗകര്യവും നൽകാം എന്ന് ഓഫർ ചെയ്തിട്ട് പോലും കോവിഡ് ഡ്യൂട്ടി ചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്നതോർക്കണം.
Courtsey: Sudheer KH
Leave a Reply