ഷിബു മാത്യു, ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്ത് ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർദ്ധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ലോകത്തെ ഓരോ മനുഷ്യനും, മതത്തിനും വംശത്തിനും സാംസക്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിനു നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരു തരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാപ്തി ആഘോഷത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പാ. ശിവഗിരി മാഠത്തിന്റെ ഇന്ത്യക്കു വെളിയിൽ ഉള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ സെക്രട്ടറി സജീഷ് ദാമോദരൻ, ജോ. സെക്രട്ടറി സതീഷ് കുട്ടപ്പൻ. ജോ.ട്രഷർ അനിൽകുമാർ രാഘവൻ ട്രസ്റ്റി സിബി കുമാർ തുടങ്ങിയവർ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതമേലദ്ധ്യക്ഷന്മാർ ഒരുമിച്ച സംഗമത്തിൽ ശിവഗിരി മഠത്തിന്റെ പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്കൊപ്പം മഠത്തിലെ സന്യാസി ശ്രേഷ്ടർ, സീറോ മലബാർ സഭയുടെ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, ടിബറ്റിൽ നിന്നും ബുദ്ധ മതത്തെ പ്രതിനിധീകരിച്ച് തട്സാഖ് റിൻപോച്ചേ, ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ശ്രീ പാണക്കാട് സാദിക്ക് അലി തങ്ങൾ, സിക്ക് മതത്തെ പ്രതിനിധീകരിച്ച് ഗിയി രഞ്ജിത്ത് സിംഗ്, ഫാ. ഡേവിഡ് ചിറമേൽ, MLA ചാണ്ടി ഉമ്മൻ കൂടാതെ, 15 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.
Leave a Reply