ന്യൂസ് ഡെസ്ക് മലയാളം യുകെ

ശ്രീ നാരായണഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ വെളിച്ചം മനുഷ്യരിലേക്കെത്തിക്കുന്ന മാനവികതയെ ആഘോഷിക്കുന്ന മഹാതീര്‍ഥാടന കേന്ദ്രമാണ് ശിവഗിരി. ആത്മീയ പുരോഗതിയിലേക്കുള്ള അറിവിന്റെ തീർത്ഥാടനം 91 മത് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ് . ഈ വർഷം മുതൽ തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയർക്കായി യു കെയിൽ അവസരം ഒരുങ്ങുന്നു. 2023 ഡിസംബർ 30, 31 തീയതികളിൽ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീർത്ഥാടനഘോഷം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളട്ടെ.

യു കെ യിൽ വൂൾവർഹാംടൺ എന്ന സ്ഥലത്തെ ലോർഡ്‌സ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തിൽ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാൻ കൃഷ്ണനും, , ജുമുഅമസ്ജിദ്തും ഗുരുദ്വാരയും,, ക്രിസ്ത്യൻ ദേവാലയവും തുടങ്ങി സർവമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങൾ ഒത്തു ചേരുന്ന സ്ഥലത്താണ് തീർത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഗുരുദേവൻ നമുക്ക് നേടിത്തന്ന മാന്യതയുടെ രുദ്രാക്ഷം അണിഞ്ഞു നമ്മൾ ഗുരുവിനോട് ചേർന്നവർ എന്നുറക്കെ പറയുവാനുള്ള സാമൂഹ്യനില പിടിച്ചെടുത്തവരാണ്. മത സൗഹാർദം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതും , ആത്മീയ ഭൗതികരംഗങ്ങളില്‍ യു കെ യിലെ ശിവഗിരി ആശ്രമം ലോകത്തിനു മാതൃകയാകണം എന്ന ഉദ്ദേശത്തോടെയുള്ള ചരിത്രദൗത്യം ഏറ്റടുത്തു നടപ്പാക്കുവാൻ പറ്റുമെന്നുള്ള ഉറച്ച വിശ്വസമാണ് ആശ്രമത്തിന്റെ ഭാരവാഹികൾക്കുള്ളത്. യു കെ യിൽ ആദ്യമായി നടക്കുന്ന ഈ തീർത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീർത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.