ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ ബാധിച്ച് 6 കുട്ടികൾ സെപ്റ്റംബർ മാസം മുതലുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഉടനീളം മരിച്ചതായി ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. വെയിൽസിൽ നിന്ന് ഒരു പെൺകുട്ടി മരണപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഇതുവരെ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള അസുഖങ്ങൾ സാധാരണയായി തീവ്രതയില്ലാത്തവയാണെങ്കിലും ചിലരിൽ ഇത് ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും. കുട്ടികളുടെ ആരോഗ്യ അവസ്ഥയെ സംബന്ധിച്ച് ആശങ്കയുള്ള മാതാപിതാക്കൾ ഉടൻതന്നെ ചികിത്സാസഹായങ്ങൾ തേടണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും 10 വയസ്സിന് താഴെയുള്ളവരാണ്. വെസ്റ്റ് ലണ്ടനിലെ ഈലിങ്ങിൽ നിന്നുള്ള ഒരു കുട്ടിയും സറേയിലെ ആഷ്ഫോർഡിൽ നിന്നുള്ള മറ്റൊരു കുട്ടിയും അണുബാധയെ തുടർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന നാല് വയസ്സുകാരനും കഴിഞ്ഞ മാസം രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഗ്ലാമോർഗനിലെ പെനാർത്തിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റോപ്പും അണുബാധയെ തുടർന്നാണ് മരിച്ചതെന്ന് ആരോഗ്യ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ സാധാരണയായി കടുത്ത തീവ്രത ഇല്ലാത്തതും, തൊണ്ടവേദന, ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളോട് കൂടിയതുമാണ്. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ സ്കാർലെറ്റ് ഫീവർ എന്ന രോഗത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഈ രോഗവും ഭൂരിഭാഗം സാഹചര്യങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
എന്നാൽ വളരെ കുറച്ച് ആളുകളിൽ, ഗ്രൂപ്പ് എ സ്ട്രെപ്പ് അണുബാധ ശരീരത്തിൽ ആഴത്തിൽ ബാധിക്കും. ചിലപ്പോൾ ശ്വാസകോശത്തിലേക്കും രക്തസ്ട്രീമിലേക്കും ബാധിക്കുന്ന ഈ ബാക്ടീരിയ ഇൻവേസിവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ വളരെയധികം പ്രയാസമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഡീഹൈഡ്രേഷൻ, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഉറക്കം തൂങ്ങുന്ന അവസ്ഥ എന്നിവയൊക്കെ അണുബാധയുടെ ലക്ഷണങ്ങൾ ആകാമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ഡോക്ടർ കോളിൻ ബ്രൗൺ വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും തങ്ങളുടെ കുട്ടികൾക്ക് ഉണ്ടെങ്കിൽ ഉടൻ തന്നെ മാതാപിതാക്കൾ അവരെ ആശുപത്രിയിൽ എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
Leave a Reply