ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 20 പൗണ്ടിന്റെയും, 50 പൗണ്ടിന്റെയും പേപ്പർ നോട്ടുകൾ ഇനി ഉപയോഗത്തിൽ ആറ് ദിവസം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സെപ്റ്റംബർ 30ന് ശേഷം ജനങ്ങൾക്ക് ഈ പേപ്പർ നോട്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല. അതിനാൽ ഇപ്പോൾ തന്നെ ഭൂരിഭാഗം ബാങ്കുകളിലും ഈ നോട്ടുകൾ മാറുവാനുള്ള ജനങ്ങളുടെ നീണ്ട നിര ദൃശ്യമായിട്ടുണ്ട്. ബാങ്കുകളോടൊപ്പം തന്നെ പോസ്റ്റ് ഓഫീസുകളിലും ഇത്തരം നോട്ടുകൾ മാറുവാനുള്ള അവസരമുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം ഇനി മുതൽ പോളിമർ നോട്ടുകളാകും ഉപയോഗത്തിൽ വരിക. നിലവിൽ തന്നെ ഭൂരിഭാഗം പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ നോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, 5 ബില്യൺ പൗണ്ട് വിലമതിക്കുന്ന 20 പൗണ്ടിന്റെ പേപ്പർ നോട്ടുകളും, 6 ബില്യൺ പൗണ്ട് വില വരുന്ന 50 പൗണ്ടിന്റെ പേപ്പർ നോട്ടുകളും ഇപ്പോഴും പ്രചാരത്തിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് മൂന്നുമണിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൗണ്ടർ പ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിൽ നീണ്ട നിരകൾ ഉള്ളതിനാൽ ജനങ്ങൾ അതിനനുസരിച്ച് എത്തണമെന്ന് ബാങ്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ നോട്ടുകൾ ആവശ്യമില്ലാത്തവർ തങ്ങളുടെ നോട്ടുകൾ പോസ്റ്റിൽ ആക്കി ബാങ്കിന് അയക്കാവുന്നതാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
Leave a Reply