ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി വേഷമിട്ട ജോണി ഡെപ്പ് കുറ്റകാരനാണെന്ന് കണ്ടെത്തി ലണ്ടൻ ഹൈക്കോടതി. മുൻ ഭാര്യ ആംബർ ഹേർഡിനെ ഡെപ്പ് മർദിച്ചതായി ദി സൺ ദിനപത്രം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിനെതിരെ കേസ് നൽകിയ ഡെപ്പിന് ഇപ്പോൾ പരാജയം നേരിടേണ്ടതായി വന്നു. 16 ദിവസത്തെ വിചാരണയെത്തുടർന്ന് ഹോളിവുഡ് താരം ഭാര്യയെ മർദിക്കുന്നയാളാണെന്നും അവരുടെ പ്രക്ഷുബ്ധമായ ബന്ധത്തിൽ 12 തവണ ഹേർഡിനെ മർദിച്ചതായും ലണ്ടൻ ഹൈക്കോടതി കണ്ടെത്തി. കേസ് പരാജയപ്പെട്ടതോടെ 57കാരനായ ജോണി ഡെപ്പിന് രണ്ട് മില്യൺ പൗണ്ട് നഷ്ടമായി. തങ്ങൾക്ക് അനുകൂലമായ വിധിന്യായത്തിൽ ആശ്ചര്യപ്പെടുന്നില്ലെന്ന് ഹേർഡിന്റെ അഭിഭാഷകർ പറഞ്ഞു. സണ്ണിന്റെ ലേഖനത്തിലുള്ളത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ജഡ്ജി നിക്കോൾ അറിയിച്ചു. ഗാർഹിക പീഡന ആരോപണങ്ങളിൽ 14 എണ്ണത്തിൽ 12 എണ്ണം നടന്നതാണെന്ന് കോടതി വ്യക്തമാക്കി. താരം അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഡെപ്പിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ തെളിവുകൾ നൽകുന്നതിൽ ധൈര്യമുണ്ടായതിന് ഹേർഡിനെ പ്രശംസിക്കാനും കോടതി മറന്നില്ല.

ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ ജൂലൈയിൽ 16 ദിവസങ്ങളിലായാണ് വിചാരണ നടന്നത്. യു‌എസിൽ‌ കൂടുതൽ‌ തെളിവുകൾ‌ ഞങ്ങൾ‌ അവതരിപ്പിക്കുമെന്ന് ഹേർഡിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷം ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നു. 2015 ല്‍ ഒരു തെറാപ്പി സെഷനില്‍ ആംബര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.

2014 ലും 2015 ലും ഹേർഡ് ഉന്നയിച്ച രണ്ട് ആരോപണങ്ങൾ ഡെപ്പ് തള്ളിക്കളഞ്ഞു. 2013 മുതൽ ഡെപ്പ് നടിയെ മർദിച്ചിരുന്നു. തന്റെ ടാറ്റൂവിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് ഹേർഡിന്റെ മുഖത്ത് ഡെപ്പ് അടിച്ചതായി കോടതി പറഞ്ഞു. 2016ല്‍ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മര്‍ദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആംബറിനെതിരെ മാനനഷ്ടത്തിനുള്ള കേസ് ജോണി ഡെപ്പ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ വിധിയോടെ മുൻ ഭാര്യക്കെതിരെയും സണ്ണിനെതിരെയും പരാജയപ്പെട്ട താരത്തിന് പ്രതിശ്ചായ വീണ്ടെടുക്കാൻ അക്ഷീണ പരിശ്രമം വേണ്ടിവരും.