അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.
പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
	
		

      
      



              
              
              




            
Leave a Reply