ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ മലയാളികളിൽ മുമ്പിലുള്ളത്. 13ാം തവണയും അതിസമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. 8870 കോടി ഡോളറാണ്(6.56 ലക്ഷം കോടി) മുകേഷ് അംബാനിയുടെ ആസ്തി.
480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എംജി ജോർജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എംഎ യൂസഫ് അലി 29ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളിൽ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരിൽ ഉൾപ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാർക്കറ്റിലെ ഓഹരികൾ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയിൽപ്പെടുത്തിയത്.
22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 46ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണൻ 56ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76ാം സ്ഥാനത്തുള്ള സണ്ണി വർക്കി, 11,550 കോടി സമ്പാദ്യവുമായി 89ാം സ്ഥാനത്തുള്ള എസ്ഡി ഷിബുലാൽ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
Leave a Reply