വയനാട്ടിലെ പുത്തുമലയില്‍ ഇനി ബാക്കിയായി ഒന്നും തന്നെയില്ല. ഇടിഞ്ഞ് തൂര്‍ന്ന മലയോടൊപ്പം ഒഴുകിപോയത് എത്ര വീടുകളാണെന്നോ എത്ര മനുഷ്യരാണെന്നോ ഇതുവരെയായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ദുരന്ത മുഖത്ത് ഇപ്പോഴും എത്തിപ്പെടാന്‍ പോലും ശ്രമകരമാണ്. റോഡുകള്‍ തകര്‍ന്നതും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതും ദുരിതാശ്വാസ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു.

നിരവധി പേരെ കാണാതായതായി സംശയം. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്‌. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു.

വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ്‌ രക്ഷിച്ചത്‌. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക്‌ എത്തിപ്പെടാൻ പ്രയാസമുണ്ട്‌. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയും, സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്‌. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതൽ കനത്ത മഴയാണ് ഇവിടെ. 300 പേരെ മാറ്റി പാർപ്പിച്ചിരുന്നു.

ബുധനാഴ്‌ച വൈകിട്ട്‌ തുടങ്ങി മഴ വ്യാഴാഴ്‌ചയും ശക്തമായി. രാവിലെ പലഭാഗത്തും ചെറിയതോതിലുള്ള മണ്ണിടിച്ചൽ ഉണ്ടായി. പ്രദേശത്തെ അഞ്ച്‌ പാലങ്ങളും ഒലിച്ചുപോയി. വൈകിട്ട്‌ മൂന്നരയോടെ വലിയ തോതിൽ മലയിടിയുകയായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. മേപ്പാടി ടൗണിൽ നിന്നും എട്ട്‌ കിലോമീറ്റർ അകലെയാണ്‌ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റായ പുത്തുമല.ഇതിനടിയില്‍ എത്ര മനുഷ്യരുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാല്‍പ്പതോളം പേരില്‍ കുറയാതെ മണ്ണിനടിയിലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണാം ഭൂമുഖത്ത് തുടച്ചു നീക്കപ്പെട്ട പുത്തുമല ഗ്രാമത്തെ.