ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയെ നടുക്കി കത്തിയാക്രമണം. ആറു പേരാണ് സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റു. കത്തിയുമായെത്തി മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

പ്രാദേശികസമയം ശനിയാഴ്ച വൈകിട്ട് 3.20-ഓടെയാണ് മാളില്‍ ആക്രമണം നടന്നത്. വലിയ കത്തിയും കൈയിലേന്തി മാളിലെത്തിയ അക്രമി കണ്ണില്‍കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞും അമ്മയും അക്രമിയുടെ ക്രൂരതയ്ക്കിരയായി. ഒമ്പതുപേര്‍ക്കാണ് മാളില്‍വെച്ച് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

കണ്‍മുന്നില്‍ കണ്ടവരെയെല്ലാം അക്രമി ലക്ഷ്യമിട്ടതോടെ മാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പരക്കംപാഞ്ഞു. പലരും മാളിലെ കടയ്ക്കുള്ളില്‍ അഭയംപ്രാപിച്ചു. ഏകദേശം ഒരുമണിക്കൂറിലേറെയാണ് മിക്കവരും കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലും ഒളിച്ചിരുന്നത്. ഇതിനിടെ, കത്തിയും കൈയിലേന്തി മാളിലൂടെ നടന്നുനീങ്ങിയ അക്രമിയെ കീഴ്‌പ്പെടുത്താനായി പലരില്‍നിന്നും ശ്രമങ്ങളുണ്ടായി. ചിലര്‍ ഇയാള്‍ക്ക് നേരേ കസേരയും മേശകളും വലിച്ചെറിയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. എസ്‌കലേറ്റര്‍ വഴി മാളിലെ മുകള്‍നിലയിലേക്ക് നീങ്ങുന്ന ആക്രമിയെ വെളുത്ത ടീഷര്‍ട്ട് ധരിച്ചയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കത്തിയുമായി അക്രമി ജനങ്ങള്‍ക്ക് നേരേ ഓടിയടുക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരുമണിക്കൂറോളം മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. കത്തിയുമായി നടന്നുനീങ്ങിയ അക്രമി പോലീസ് ഉദ്യോഗസ്ഥ പിന്തുടര്‍ന്നെന്നും ഇയാള്‍ തിരിഞ്ഞ് അക്രമിക്കാനൊരുങ്ങും മുന്‍പേ പോലീസ് ഉദ്യോഗസ്ഥ നെഞ്ചിലേക്ക് വെടിവെച്ച് അക്രമിയെ കീഴ്‌പ്പെടുത്തിയെന്നുമായിരുന്നു ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിന് പിന്നാലെ മാളിലുണ്ടായിരുന്ന ആളുകളെയെല്ലാം പോലീസ് സുരക്ഷിതമായി പുറത്തെത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം മാളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ളില്‍ അഭയംപ്രാപിച്ചവരെല്ലാം നിറകണ്ണുകളോടെയാണ് പുറത്തെത്തിയത്. നടുക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷികളാകേണ്ടിവന്ന കുട്ടികളെയെല്ലാം മാതാപിതാക്കള്‍ മാറോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലുണ്ട്.

സംഭവത്തിന് പിന്നാലെ രക്തം തളംകെട്ടിനില്‍ക്കുന്ന മാളില്‍നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ജെ.ഡി. സ്‌പോര്‍ട്‌സ് സ്‌റ്റോറിന്റെ മുന്നിലാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. മാളിലെ മറ്റിടങ്ങളില്‍ പരിക്കേറ്റവര്‍ ചോരയൊലിച്ച് കിടക്കുന്നദൃശ്യങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് ഇനി കൂടുതല്‍ ഭീഷണികളില്ലെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അക്രമിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളോ ആക്രമണത്തിന്റെ കാരണമെന്താണെന്നോ ഇതുവരെ വ്യക്തമല്ല. ഭീകരാക്രമണ സാധ്യതകളും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വരുംമണിക്കൂറുകളില്‍ പോലീസ് കൂടുതല്‍ വ്യക്തതനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.