ലണ്ടന്‍: അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം എന്നിവ നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവ കൂടാതെ ഡ്രൈവിംഗിനിടെ ചെയ്യാന്‍ പാടില്ലെന്ന് നിയമം നിഷ്‌കര്‍ഷിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. പിടിക്കപ്പെട്ടാല്‍ അവയേക്കുറിച്ചുള്ള അജ്ഞാനം ശിക്ഷ ലഭിക്കാതിരിക്കുന്നതിന് ന്യായീകരണം ആകുകയുമില്ല. അത്തരത്തിലുള്ള ആറ് കാര്യങ്ങള്‍ പരിചയപ്പെടാം. അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഒന്നുകൂടി മനസില്‍ വെക്കുന്നത് നന്നായിരിക്കും.
സാറ്റ്‌നാവ് ഉപയോഗം
മൊബൈല്‍ ഫോണ്‍ ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കോളുകള്‍ ചെയ്യാനും മെസേജുകള്‍ നോക്കാനും മാത്രമല്ല നിരോധനമുള്ളത്. ഡ്രൈവിംഗില്‍ സാറ്റ്‌നാവ് ആയി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ തൊടാന്‍ ശ്രമിക്കുന്നത് പോലും നിയമവിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ഐഒഎസ് വേര്‍ഷനില്‍ ഒരു ഡുനോട്ട് ഡിസ്‌റ്റേര്‍ബ് വൈല്‍ ഡ്രൈവിംഗ് മോഡ് ഏര്‍പ്പെടുത്താന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി വിവരമുണ്ട്. നിശ്ചിത വേഗതയില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍ ഫോണ്‍ സ്വയം ലോക്ക് ആകുന്ന സംവിധാനമാണ് ഇത്. ഡ്രൈവ് ചെയ്യുകയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് മാനുവലായി മാത്രമേ ഫോണ്‍ പിന്നീട് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.
മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം
ആപ്പിള്‍ പേ പോലെയുള്ള മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ. എന്നാല്‍ വാഹനമോടിക്കുന്നതിനിടെ ഇവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഫാസ്റ്റ്ഫുഡുകള്‍ വാങ്ങുന്നതിനായി ഡ്രൈവ് ത്രൂകളില്‍ നിര്‍ത്തുമ്പോളായിരിക്കും മൊബൈല്‍ വാലറ്റുകള്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ ഇത് നിയമവിരുദ്ധമാണ്. എന്‍ജിന്‍ ഓഫ് ആണെങ്കില്‍, പാര്‍ക്കിംഗ് ബ്രേക്ക് ഇട്ടിട്ടുണ്ടെങ്കില്‍, പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ വാലറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ജിഎംപി ട്രാഫിക് ഒരു ചോദ്യത്തിന് മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലെ മൊബൈല്‍ ഉപയോഗം
ഡ്രൈവിംഗ് സീറ്റിലെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള നിയമങ്ങള്‍ വ്യക്തമാണ്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. നിങ്ങള്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടിരിക്കുകയാണെങ്കിലോ, നിങ്ങളുടെ മുന്നിലെ റോഡ് തല്‍ക്കാലത്തേക്ക് അടച്ചിരിക്കുകയാണെങ്കിലോ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ കയ്യെത്തുന്ന ഇടങ്ങളില്‍ ഫോണ്‍ ഉണ്ടാകരുതെന്നാണ് നിയമം.
ഹാങ്ങോവറിലുള്ള ഡ്രൈവിംഗ്
തലേരാത്രിയിലെ മദ്യത്തിന്റെ ലഹരി വിട്ടുമാറുന്നതിനു മുമ്പായുള്ള ഡ്രൈവിംഗ് നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. ഒരു ഗ്ലാസ് വൈന്‍ കഴിച്ചാല്‍ പോലും ബ്രത്തലൈസര്‍ പരിശോധനയില്‍ പിടിക്കപ്പെടാന്‍ ഇടയുണ്ട്. അതേപോലെ തന്നെയാണ് ഹാങ്ങോവറിലുള്ള ഡ്രൈവിംഗും. ക്ഷീണവും തലവേദനയും ഡ്രൈവിംഗിനെ ബാധിച്ചേക്കാമെന്നതിനാല്‍ ഇതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
ആപ്പിള്‍ വാച്ചിന്റെ ഉപയോഗം
വാച്ചുകള്‍ സാധാരണമാണെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ നിങ്ങളുടെ ശ്രദ്ധയെ മാറ്റിയേക്കാം. അതുകൊണ്ടുതന്നെ ഡ്രൈവിംഗിനിടെ ആപ്പിള്‍ വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഈ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് 200 പൗണ്ട് പിഴയും 6 പെനാല്‍റ്റി പോയിന്റുകളുമാണ് ഇതിനുള്ള ശിക്ഷ.
ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് വെക്കുന്നത്
ഉയര്‍ന്ന ശബ്ദത്തില്‍ കാറിനുള്ളില്‍ മ്യൂസിക് വെക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. രാത്രി 10 മണിക്ക് തന്റെ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിന് മെഴ്‌സിസൈഡ് സ്വദേശിക്ക് 2009ല്‍ ലഭിച്ച ശിക്ഷ വിചിത്രമാണ്. വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ആണ് ഇയാള്‍ക്ക് ലഭിച്ചത്.
ഇവ കൂടാതെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇന്‍സ്ട്രക്ടര്‍മാരും ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിബന്ധന. ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ ഡ്രൈവ് ചെയ്യുന്നതില്‍് നിന്ന് വിലക്കപ്പെടുകയോ, രണ്ടു വര്‍ഷത്തിനുള്ളിലാണ് ലൈസന്‍സ് ലഭിച്ചതെങ്കില്‍ അത് റദ്ദാക്കപ്പെടുകയോ, 1000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കുകയോ ചെയ്‌തേക്കാം.
Leave a Reply