കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ രണ്ട് റൺവേകളും അടച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രണ്ട് റൺവേകളും താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനങ്ങൾ തങ്ങൾ ഏർപ്പെടുത്തുമെന്നും മാഞ്ചസ്റ്റർ എയർപോർട്ടിൻെറ ട്വിറ്റർ പേജിൽ അധികൃതർ അറിയിക്കുകയായിരുന്നു. തങ്ങളുടെ ഫ്ലൈറ്റിനെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയുവാനായി എയർലൈൻസുമായി ബന്ധപ്പെടാനും യാത്രക്കാരോട് എയർപോർട്ട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രാവിലെ ടേക്ക് ഓഫ് ചെയ്യേണ്ട തന്റെ ഫ്ലൈറ്റ് ഉച്ചയോടെയാണ് യാത്ര തിരിച്ചത് എന്ന് ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ലിൻ വിമാന താവളത്തിൽ നിന്നും ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച ഇതുവരെ 23 ഔട്ട്ബൗണ്ട് ഫ്ലൈറ്റുകളും 27 ഇൻബൗണ്ട് ഫ്ലൈറ്റുകളും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം 69 ഡിപ്പാർട്ടിങ് ഫ്ലൈറ്റുകളും 74 ഇൻബൗണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്. അതേസമയം മഞ്ഞുവീഴ്ച്ച മൂലമുണ്ടാകുന്ന തടസ്സങ്ങൾ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥർ പറഞ്ഞു. ഈയാഴ്ച സ്കോട്ട്ലാൻഡ് നോർത്ത് അയർലൻഡ് വെയിൽസ് പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നീ ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകും.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരം, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ശനിയും ഞായറും ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരിക്കുമെന്ന് നേരത്തെ കാലാവസ്ഥ നീരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കോട്ട്‌ലൻഡിലെ ചില പ്രദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയെ തുടർന്ന് യെലോ അലേർട്ട് പ്രഖ്യാപിച്ചു.