ന്യൂഡല്‍ഹി: സ്‌കൂള്‍ വളപ്പിലെ സെപ്ടിക് ടാങ്കില്‍ വീണ് ആറുവയസുകാരന്‍ മരിച്ചു. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണു ദാരുണ സംഭവം നടന്നത്.
റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനേഷ് എന്ന ആറു വയസുകാരനാണ് മരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ജിലാണ് സംഭവം.

എന്നാല്‍, സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി പൊലീസ് പറഞ്ഞു. ഏറെ വൈകിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. സ്‌കൂളിനു സമീപത്തെ കുഴിയില്‍ വീഴുകയായിരുന്നു കുട്ടി എന്നാണ് വിശദീകരണം.

അപകടം നടന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം പൊലീസ് അറിയുന്നത് ആശുപത്രി അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ്. മരണകാരണം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

Delhi-Student-die2

ഏഴാമത്തെ പീരിയഡ് മുതലാണ് കുട്ടിയെ കാണാതായത്. ഒരു പദ്യപാരായണ മത്സരം നടക്കുന്നതിനാലാണ് കുട്ടി സംഭവം നടന്ന സ്ഥലത്ത് എത്തിയത്. സംഭവത്തില്‍ നിയമനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹം പൊലീസ് എയിംസിലേക്ക് മാറ്റി.

അതെ സമയം സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നും ഇല്ലെന്നും കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പ് സ്കൂള്‍ മെഡിക്കല്‍ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ സന്ധ്യ ബാബു പറഞ്ഞു. കുട്ടി ഇടയ്ക്ക് ക്ലാസ്സില്‍ നിന്നും ഓടി പോകുന്ന സ്വഭാവം കാണിക്കാറുണ്ടായിരുന്നു എന്നും ഇവര്‍ പറഞ്ഞു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.