തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹവും ഭാര്യയും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ഇരുവരും നേരിയ തോതില്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം വിദഗ്ദ്ധ സംഘമെത്തുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. നേരത്തെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവറുടെയും നിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിക്കും പ്രധാനമായും പരിക്കേറ്റിരിക്കുന്നത് നട്ടെല്ലിനാണ്. തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 2 വയസുകാരിയായ ഇവരുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply