തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. അതേസമയം തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ശ്വസമെടുക്കാന്‍ ലക്ഷ്മിക്ക് കഴിയുന്നത് വലിയ പുരോഗതിയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. നേരത്തെ ഇവരുടെ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.
തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.
Leave a Reply