മലയാളംയുകെ ന്യൂസ് ടീം

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം കഴിഞ്ഞ ശനിയാഴ്ച്ച, ഇരുപത്തിമൂന്നാം തിയതി ആൽഡർ ബെറി വില്ലേജ് ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ ഷിബു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായ സാലിസ്ബറി മേയർ ജോൺ ലിൻഡ്‌ലി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. സാലിസ്ബറി സെന്റ് ഓസ്‍മൻഡ് സ്‌കൂൾ ഹെഡ് ടീച്ചർ റിച്ചാർഡ്‌സ് സാൻഡേഴ്സൺ, യുക്മ സാംസ്ക്കാരിക വേദി സെക്രട്ടറിയും നാടക നടനുമായ ജെയ്‌സൺ ജോർജ്, സെന്റ് ഓസ്മാൻഡ് അസിസ്റ്റന്റ് വികാരി ഫാദർ സജി നീടൂർ, യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എൻ ഡി പത്മരാജ്, അസോസിയേഷൻ സെക്രട്ടറി സിൽവി ജോസ്, ട്രെഷറർ സെബാസ്റ്റ്യൻ ചാക്കോ, നാട്ടിൽ നിന്നും വന്നിട്ടുള്ള മാതാപിതാക്കളും സന്നിഹിതരായിരുന്നു. ശ്രീമതി സിൽവി ജോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ജോയിന്റ് ട്രെഷറർ കുര്യാച്ചൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.  ക്ഷണം സ്വീകരിച്ചു എത്തിച്ചേർന്ന അതിഥികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ഒത്തുചേർന്ന് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി സജീഷിന്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗിക പരിപാടികളുടെ സമാപനം കുറിച്ചു.

കുട്ടികളും മുതിർന്നവരും വ്യത്യസ്തങ്ങളായ പല പരിപാടികളുമായി എസ് എം എ യുടെ 2017 ഓണാഘോഷം മനോഹരമാക്കി. താലപ്പൊലിയെന്തിയ പെൺകുട്ടികളും, വിശിടാതിഥികളും  ചേർന്ന് മാവേലി മന്നനെ പുലികളിയോടും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു. കേരളതനിമ വിളിച്ചോതുന്ന തീം ഡാൻസുമായി കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കേരളത്തിൽ എത്തിയ പ്രതീതി എല്ലാവരുടെയും മുഖത്തു തെളിഞ്ഞു കാണുമാറായി..

ജോസ് ആൻ്റണി,  സജീഷ് കുഞ്ചെറിയാ, സന്തു ജോർജിന്റെയും നേതൃത്തത്തിൽ എല്ലാ വർഷത്തെയും പോലെ നാടൻ വാഴയിലയിൽ ആവി പറക്കുന്ന ചോറും രുചിഭേദങ്ങളുടെ മാസ്മരികത തെളിയിച്ച കറികളുമായി ഓണസദ്യ എല്ലാവരും ഒന്നുപോലെ ആസ്വദിച്ചു. ഓണസദ്യ കഴിച്ച എല്ലാവരും ഫുഡ് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കാൻ മറന്നില്ല എന്നത് ഓണസദ്യയുടെ ഏറ്റവും വലിയ വിജയമായി.

തിരുവാതിരയും എസ് എം എ യുടെ ചുണ്ടൻ വള്ളം തുഴഞ്ഞുള്ള വള്ളം കളിയും വേറിട്ട കാഴ്ച്ചയായപ്പോൾ പങ്കെടുത്തത് അസോസിയേഷനിലെ പിഞ്ചുകുട്ടികൾ  മുതൽ മുതിർന്നവർ വരെ…  ഈ ഓണാഘോഷം എല്ലാവരും കയ്യടിച്ചും ഡാൻസുകളിച്ചും ആണ് ആസ്വദിച്ചത്. വളരെ മനോഹരമായി ഈ വർഷത്തെ ഓണാഘോഷം കോർഡിനേറ്റു ചെയ്തത് കുര്യച്ചൻ സെബാസ്റ്റിയൻ, മേഴ്‌സി സജീഷ്,സിൽവി ജോസ് എന്നിവർ ചേർന്നാണ്. മനോഹരമായ സ്റ്റേജിന്റെയും ഹാളിന്റെയും അത്തപൂക്കളത്തിന്റെയും മേൽനോട്ടം എം പി പത്മരാജനും, സ്റ്റാലിൻ സണ്ണിക്കും, ജിനോയിസിനും, ബിജു മൂന്നാനപ്പള്ളിക്കും ആയിരുന്നു.

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്. എന്നാല്‍ സാലിസ്ബറി മലയാളീ അസോസിയേഷന്‍ അവതരിപ്പിച്ച ഈ ഡാന്‍സ് യൂട്യൂബില്‍ ഇട്ട ഒരു ദിവസത്തിനകം ഏഴായിരത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. കലാതിലകം മിന്നാ ജോസ്, സോനാ ജോസ്, ദിയ സജീഷ്, രേഷ്മ ലൂയിസ് എന്നിവര്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടു ആടിതകര്‍ത്തപ്പോള്‍,സാലിസ്ബറിയിലെ ഫിസിയോ തെറാപ്പിസ്റ്റുകളായ എം പി പത്മരാജ്,ജിനോ ജോസ്,ഷറഫ് അഹമ്മദ് എന്നിവര്‍ കുറച്ചു ആക്ഷനും കോമഡിയും ചേര്‍ത്ത് ആണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ സ്റ്റേജില്‍ അവതരിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും എല്ലാം മറന്നു കയ്യടിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി എഡിറ്റു ചെയിതു യൂട്യുബില്‍ ഇട്ടതു സ്റ്റാലിന്‍ സണ്ണിയാണ്. മനോഹരമായ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

 

പുതിയ അസോസിയേഷന്‍ അംഗങ്ങളെ എല്ലാവര്ക്കും പരിചയപ്പെടുത്തുകയും ഈ മാസം ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷോക്കുന്നവര്‍ സ്റ്റേജില്‍ വന്നു കേക്ക് മുറിക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും ഇതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍ ഷീന ജോബിന്‍ നന്ദി പറഞ്ഞു.ദേശീയഗാനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷം അവസാനിച്ചു.