സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച സീന മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ കേരളാ ക്രിക്കറ്റ് ക്ലബ് പോർട് സ്‌മൗത്തും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലബ്ബൂമായിരുന്നു ഫൈനലിലെത്തിയത്. പന്ത്രണ്ട് ഓവറുകൾ വീതമുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെസിസിപി 95 റൺസാണ് സ്‌കോർ ചെയ്തത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റർ റോയൽസിനെ പന്ത്രണ്ട് റൺസ് അകലെ കെസിസിപി പിടിച്ച് കെട്ടുകയായിരുന്നു. ടൂർണ്ണമെന്റിലുടനീളം ആധിപത്യം പുലർത്തിയ കെസിസിപി സീന മെമ്മോറിയൽ എവർറോളിങ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ ഗ്ലോസ്റ്റർ റോയൽസ് റണ്ണറപ്പായി.

ജേതാക്കളായ കെസിസിപിക്ക് ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി സ്പോൺസർ ചെയ്ത ആയിരം പൗണ്ട് പ്രൈസ് മണിയും എവർറോളിങ് ട്രോഫിയും ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ ഷാജി മാമ്പിള്ളി ജോസ് സമ്മാനിച്ചു. റണ്ണറപ്പായ ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലബ്ബിന് അഞ്ഞൂറ് പൗണ്ട് പ്രൈസ് മണിയും ട്രോഫിയും സി പ്ലസ് ഡി ട്രാൻസെൻഡൻസ് മാനേജിങ് ഡയറക്ടർ ബൈജു സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ട കെസിസിപിയുടെ ജുബിന് എസ് എം എ പ്രസിഡന്റ് ഷിബു ജോൺ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ട കെസിസിപിയുടെ ജിനോയ് മത്തായിയ്ക്ക് എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി ഉപഹാരം നൽകി. പ്രീമിയർ ആൻഡോവർ സ്റ്റോഴ്സ്, സീകോം അക്കൗണ്ടൻസി സർവീസസ്, കഫെ ദിവാലി, ജോബിസ് സ്വിച്ച് എനർജി തുടങ്ങിയവരാണ് ടൂർണ്ണമെന്റിന്റെ മറ്റു സ്‌പോൺസർമാർ.

നീണ്ട ഇടവേളയ്ക്ക് ശേഷം യുകെയിൽ തന്നെ മലയാളി സമൂഹങ്ങൾക്കിടയിൽ ആദ്യമായി നടക്കുന്ന പൊതുപരിപാടിയെന്ന നിലയിൽ ഏറെ ജനശ്രദ്ധയാകർഷിച്ച ടൂർണമെന്റ് യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയാണ് ഉത്‌ഘാടനം ചെയ്തത്. മെയ് 31 തിങ്കളാഴ്ച്ച രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഉത്‌ഘാടന ചടങ്ങിൽ പ്രസിഡണ്ട് ഷിബു ജോൺ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് കെ ആന്റണി ആശംസകൾ അറിയിച്ച ചടങ്ങിൽ സെക്രട്ടറി ഡിനു ഓലിക്കൽ സ്വാഗതവും ട്രഷറർ ഷാൽമോൻ പങ്കേത് നന്ദിയും ആശംസിച്ചു. സ്പോർട്സ് കോർഡിനേറ്റർ ജിനോയെസ് സ്മാക് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, വൈസ് ക്യാപ്റ്റൻ എം പി പദ്മരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ നടന്നത്. ഡിവൈസസ് സ്പോർട് സ് ക്ലബ്ബിലെ രണ്ടു പിച്ചുകളിലായി നടന്ന മത്സരങ്ങൾ വീക്ഷിക്കാൻ നിരവധിപേരാണ് കാണികളായെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ