കർണാടകയിലെ ബെലാഗവി(ബൽഗാം) ജില്ലയിൽ ആറുവയസുകാരി കുഴൽക്കിണറിൽ വീണു. അത്താനി താലൂക്കിൽപ്പെട്ട ധുൻജരവാഡി ഗ്രാമത്തിലെ വയലിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരിയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. ലോക്കൽ പോലീസും ഫയർഫോഴ്സും നടത്തിയ രക്ഷാപ്രവർത്തനം വിഫലമായതിനെത്തുടർന്ന് സർക്കാർനിർദേശപ്രകാരം പൂനയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.
മുപ്പതടി ആഴത്തിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണെന്നും കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്നും ജീവൻ നിലനിർത്തുന്നതിനായി ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രവികാന്ത് ഗൗഡ പറഞ്ഞു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണു ശ്രമം. സ്ഥലത്തെ പാറക്കെട്ടുകളും കട്ടികൂടിയ മണ്ണും കുഴിയെടുക്കുന്നതിന് തടസമാകുന്നുണ്ട്. അതിനിടെ, മകൾ കുഴൽക്കിണറിൽ വീണതറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ മൂടാതെ അപകടം വിളിച്ചുവരുത്തിയ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ അറിയിച്ചു.
Leave a Reply