ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോ കപ്പ് ഫൈനൽ മത്സരം നടന്ന വെംബ്ലി സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാത്ത കാണികൾ അതിക്രമിച്ച് കയറി. പോലീസ് ബാരിക്കേഡുകളും, മറ്റു സുരക്ഷാ വലയങ്ങളും ഭേദിച്ചാണ് കാണികൾ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരിക്കലും അംഗീകരിക്കാൻ ആകുന്ന പെരുമാറ്റമല്ല കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇത് മൂലം ഇംഗ്ലണ്ട് ടീമിന് തന്നെ നാണക്കേട് ഉണ്ടായെന്നും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കൂടുതൽ പേർ അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കുവാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥരോടൊപ്പം മെട്രോപോളിറ്റൻ പോലീസും ഉടൻതന്നെ നടപടിയെടുത്തു. ടിക്കറ്റില്ലാത്ത കാണികളെ ഉടൻതന്നെ പുറത്താക്കാനുള്ള നടപടികളും കൈക്കൊണ്ടതായി പോലീസ് അധികൃതർ വ്യക്തമാക്കി. അതിക്രമിച്ചു കടക്കുന്നതിൽ ഉൾപ്പെട്ടതായി തിരിച്ചറിയുന്ന എല്ലാവർക്കും എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടക്കത്തിൽ സുരക്ഷാ വീഴ്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് വെംബ്ലി സ്റ്റേഡിയം അധികൃതർ അറിയിച്ചത്. എന്നാൽ പിന്നീട് ചെറിയതോതിൽ വീഴ്ച ഉണ്ടായതായും, പൊലീസിനൊപ്പം ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമിച്ചുകയറിയ കാണികളെ പുറത്താക്കിയതായും അവർ വ്യക്തമാക്കി. കാണികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘട്ടനത്തിൽ ഏർപ്പെട്ടതിന്റെ ഫൂട്ടേജുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കാണികളെ നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് ഇല്ലായിരുന്നതായുള്ള കുറ്റപ്പെടുത്തലുകളും ഉണ്ട്.