സി ഗ്രേസ് മേരി

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളിലെയും വൈദികരുടെ മീറ്റിംഗ് സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച 10.30-ന് ആരംഭിക്കും. തുടര്‍ന്ന് 11.30ന് വൈദികരും ട്രസ്റ്റിമാരും ചേര്‍ന്നുള്ള മീറ്റിംഗും നടക്കും. അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ സര്‍ക്കുലര്‍ നം. 18 പ്രകാരം ഭാവിയില്‍ ഇടവകയാകുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ സെന്ററുകള്‍’ രൂപീകരിച്ച് ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരിക്കും മുഖ്യ അജണ്ട. കൂടാതെ സെപ്തംബര്‍ 24-ാം തീയതി അഭിവന്ദ്യ പിതാവിന്റെ അധ്യക്ഷതയില്‍ ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന റീജിയണല്‍ വനിതാ ഫോറം മീറ്റിംഗ്, ഒക്ടോബര്‍ 28-ാം തീയതി കാര്‍ഡിഫില്‍ വച്ച് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍, നവംബര്‍ നാലാം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം എന്നിവയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍.

സീറോ മലബാര്‍ സഭയുടെ ധന്യമായ പൈതൃകവും ആത്മീയതയും ഗ്രേറ്റ് ബ്രിട്ടന്റെ സ്ഥലകാല സാഹചര്യങ്ങളില്‍ അനുഭവഭേദ്യമാക്കുക, നമ്മുടെ ഭാവിതലമുറയ്ക്ക് ആത്മീയ-അജപാലന സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ എപ്പാര്‍ക്കിയല്‍ നിയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്റെ ആദ്യ ചുവടുകളാണ് ഈ മീറ്റിംങ്ങുകള്‍. ഇതിന്റെ പ്രാധാന്യം മനസിലാക്കി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വൈദികരും ട്രസ്റ്റിമാരും ഇതില്‍ സംബന്ധിച്ച് വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയും റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.

Venue: St. Joseph Church
Fishponds
242 Forest Road
BS 16 3 QT