ജയ്പൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ അടിയന്ത സാഹചര്യം. 136 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. വിമാനകമ്പനിയുടെ 6ഇ-237 എന്ന പുതിയ ജെറ്റ്‌ലൈനറാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കനത്ത പുക ഉയര്‍ന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും രക്ഷാ ച്യൂട്ട് വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
കൊല്‍ക്കത്തയില്‍ നിന്നും 45 മൈല്‍ അകലെ എത്തിയപ്പോഴാണ് പൈലറ്റുമാര്‍ ‘മേയ്‌ഡേ’ അറിയിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിമാനവും, യാത്രക്കാരും അപകടത്തിലാണെന്ന് അറിയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കോക്പിറ്റ്, ക്യാബിന്‍, ലാവറ്ററി എന്നിവിടങ്ങളിലാണ് പുക പടര്‍ന്നത്. അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി ഇന്‍ഡിഗോ സ്ഥിരീകരിച്ചു.
വിമാനത്തിനുള്ളില്‍ പുക പരക്കുന്നത് ഏറ്റവും അപകടകരമായ സാഹചര്യമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. വിമാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഓക്‌സിജന്‍ മാസ്‌കുകള്‍ പുകയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയല്ല. കോക്പിറ്റില്‍ പൈലറ്റുമാര്‍ക്ക് മാത്രമാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള മാസ്‌കുകള്‍ ഉള്ളത്. കൊല്‍ക്കത്തയിലുള്ള വിമാനം ഇപ്പോള്‍ മെയിന്റനന്‍സ് ജീവനക്കാര്‍ പരിശോധിച്ച് വരികയാണ്.
1998 സെപ്റ്റംബറില്‍ 229 യാത്രക്കാരാണ് കാനഡയില്‍ സമാനമായ രീതിയില്‍ ക്യാബിനില്‍ പുക നിറഞ്ഞ് അപകടത്തില്‍ പെട്ടത്. എന്തായാലും ഇന്‍ഡിഗോ വിമാനം കൂടുതല്‍ അപകടം കൂടാതെ നിലത്തിറക്കാന്‍ പൈലറ്റുമാരുടെ നിശ്ചയദാര്‍ഢ്യമാണ് വഴിയൊരുക്കിയത്.
Leave a Reply