ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ ജനങ്ങൾക്ക് സിഗരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും വാങ്ങാനുള്ള പ്രായം ഓരോ വർഷവും ഓരോ വയസ്സ് വീതം ഉയർത്താനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി റിഷി സുനക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒടുവിൽ ആർക്കും വാങ്ങാൻ സാധിക്കാതെ, ഈ വിഷത്തെ തുരത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എംപിമാർക്ക് ഈ വിഷയത്തിൽ പാർലമെന്റിൽ ഇഷ്ടമുള്ള തരത്തിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പദ്ധതിപ്രകാരം എല്ലാവർഷവും നിലവിലെ വില്പന പ്രായമായ 18 വയസ്സിൽ നിന്ന് ഓരോ വയസ്സ് വീതം ഉയർത്തും. പ്രായം കുറഞ്ഞ കുട്ടികൾക്ക് ഒരു തരത്തിലും പുകയില ഉത്പന്നങ്ങൾ ലഭ്യമാകാതിരിക്കാൻ ഉള്ള നടപടിയാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2022 ൽ സർക്കാർ നിയോഗിച്ച റിവ്യൂ കമ്മീഷൻ ആണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ സംസാരിച്ച സുനക്, തടയാൻ സാധിക്കുന്ന അനാരോഗ്യത്തിന്റെ പ്രധാന കാരണമായ പുകയില ഉത്പന്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരു മുഖ്യ നടപടിയാണ് ഇതെന്ന് വിശദീകരിച്ചു. പുകവലി പക്ഷാഘാതം, ഹൃദ്രോഗം, ഡിമെൻഷ്യ, മുതലായവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ക്യാൻസർ മൂലമുള്ള നാലിലൊന്ന് മരണത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്. സുരക്ഷിതമായ നിലയിലുള്ള പുകവലി ഇല്ലെന്ന് പ്രധാനമന്ത്രി റിഷി സുനക് ഓർമ്മിപ്പിച്ചു.

1970 മുതൽ പുകവലി നിരക്ക് ഇംഗ്ലണ്ടിൽ കുറയുന്നുണ്ടെങ്കിലും, ഇപ്പോഴും 5 ദശലക്ഷത്തിൽ അധികം പുകവലിക്കാർ ഇംഗ്ലണ്ടിലും, യുകെയിൽ ഉടനീളം ഏകദേശം 6 ദശലക്ഷവും ഉണ്ട്. നിലവിൽ, 18 മുതൽ 24 വയസ്സുവരെയുള്ളവരിൽ ഒമ്പതിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പുകവലിക്കുന്നവരിൽ അഞ്ചിൽ നാല് പേരും 20 വയസ്സ് മുതൽ തന്നെ വലിക്കുന്നവർ ആണെന്നും അതിനാൽ തന്നെ കുട്ടികൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ , ഈ പദ്ധതിയെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിലെ വോട്ടെടുപ്പിൽ, ടോറി എംപിമാർ ഏത് രീതിയിൽ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ വിപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.