ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സീസണില്‍ എട്ട് ടീമുകളുടെയും മുന്ന് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഐപിഎല്ലിലെ വിവിധ ടീമുകളിലെ സീനിയര്‍ താരങ്ങള്‍ മികച്ച ഫോം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ യുവ താരങ്ങള്‍ ഐപിഎല്ലില്‍ കത്തികയറുകയാണ്. ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അത്തരം ഒരു കളിക്കാരനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ സീസണിലെ മികച്ച ഫ്രാഞ്ചൈസികളിലൊന്നായ റോയല്‍സ് മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ക്ക് ശേഷം ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കെ, റോയല്‍സ് കളിയിലെ എല്ലാ മേഖലയിലും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി തന്നെയാണ്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണെങ്കില്‍ ബാറ്റിംഗില്‍ മലയാളി താരം സഞ്ജു സാംസണാണ് റോയല്‍സിന്റെ കരുത്ത്.
താന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്നാണ് ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത’ സ്മൃതി മന്ദന പറഞ്ഞു. ഇന്ത്യ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി മന്ഥന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ എല്ലാ മത്സരവും കാണാറുണ്ട്. പ്രത്യേകിച്ച് ഒരു ടീമിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, പല ടീമുകളിലുള്ള വ്യത്യസ്തരായ താരങ്ങളോട് ഇഷ്ടമുണ്ട്. ഇത് ആരെയും പിണക്കാതിരിക്കാന്‍ പറയുന്നതല്ല. മറിച്ച്, പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കാന്‍ തോന്നുന്നില്ല എന്നതാണ് വാസ്തവം. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ താരങ്ങളോട് ഏറ്റവും ഇഷ്ടം’ മന്ദന പറഞ്ഞു.
Leave a Reply