ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.

നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്​ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.