ലാവലിന്‍ കേസ് 16 ലേക്ക് മാറ്റി. രണ്ടു കോടതികളും 3 പ്രതികളെ വെറുതെവിട്ടതാണെന്ന് സുപ്രീംകോടതി. അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി. ഇക്കാര്യത്തില്‍ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നൽകി. തുടർന്ന് കേസ് 16ലേക്ക് മാറ്റി.

കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാർജിപരിഗണിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.

ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഇതുവരെ കാര്യമായ താല്‍പര്യം സി.ബി.ഐ കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസിന്‍റെ പ്രധാന്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചത് നിയമ–രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐയുടെ താല്‍പര്യമാറ്റമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.