അനുജ.കെ

മഴത്തുള്ളികൾ നെറ്റിത്തടത്തിലേക്കു വീണപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വീടെത്താറായിരിക്കുന്നു. തിരക്കു പിടിച്ചു ബാഗിൽ നിന്നും കുടയെടുത്തു. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം വീട്ടിലെത്താൻ. നീണ്ട യാത്ര കഴിഞ്ഞതിന്റെ ക്ഷീണത്തിൽ നടപ്പിന് ഒരു വേഗത കിട്ടുന്നില്ല. പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു കൂക്കു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കടത്തിണ്ണയിൽ മുഷിഞ്ഞ കോട്ടും സ്യൂട്ടുമിട്ടു ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഏറെ നാളുകൾക്കു ശേഷം തമ്മിൽ കാണുകയാണ്.

മഴക്കാലം തുടങ്ങിയിരിക്കുന്നു…. അന്തരീക്ഷം തണുപ്പ് കൊണ്ട് നിറയുകയാണ്. ഞാൻ സാരി തലപ്പ് പുതപ്പാക്കാനുള്ള ശ്രമത്തിനിടയിൽ ചിരിക്കുള്ള മറുപടിയായി “തണുപ്പുണ്ടോ?…… ” എന്നൊരു ചോദ്യം.

നേരം ഒരുപാട് വൈകിയിരിക്കുന്നു…. ഈ തണുപ്പത്ത് അയാൾ എന്ത് ചെയ്യും….. എവിടെ കിടന്നുറങ്ങും….. എന്തായിരിക്കും കഴിക്കുന്നത്…… വ്യാകുലപ്പെടുന്ന മനസ്സിനെ അടക്കിപ്പിടി ച്ചുകൊണ്ടു ചോദ്യത്തിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടപ്പിന്റെ വേഗം കൂട്ടി…….

അമ്മയുടെ നാട്ടിൽ വലിയൊരു കോലാഹലം സൃഷ്ടിച്ചായിരുന്നു ഞാനും എന്റെ സഹോദരനും ഭൂജാതരായത് .

ഇരട്ടക്കുട്ടികൾ !!! ഞങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് ഒരു എക്സ്-റേയിലൂടെയാണ് ആശുപത്രി അധികൃതരും വീട്ടുകാരും മനസ്സിലാക്കുന്നത്. ഏറെ വിവാദമായ ആ എക്സ്-റേ പിന്നീട് ഞാനും കണ്ടിട്ടുണ്ട്. എക്സ്-റേയിൽ എന്റെ സഹോദരൻ ഒരു കൂടയ് ക്കുള്ളിലായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മിനിറ്റിനു ശേഷമാണ് അവനെ പുറത്തേയ്ക്ക് എടുക്കുന്നത്. കൂടയ്ക്കു ഉള്ളിൽ നിന്നും പുറത്തെടുക്കണമല്ലോ !!… പക്ഷേ അവന്റെ വരവ് വലിയ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ആയിരുന്നു. അപ്പോഴാണ് മൂന്ന് മിനിറ്റ് മുൻപ് പുറത്തുവന്ന ഞാനും കരയുന്നത്. കൂട്ടനിലവിളി…. എനിക്ക് ചെവിക്കു കുഴപ്പമൊന്നുമില്ലയെന്ന് ബന്ധുക്കളുടെ കമന്റ്. ഇരട്ടക്കുട്ടികളിൽ രണ്ടാമത് ജനിച്ചയാളാണ് മൂത്തത് എന്നൊരഭിപ്രായം പരക്കെയുണ്ട്. അങ്ങനെയെങ്കിൽ എന്റെ സഹോദരനാണ് മൂത്തയാൾ. പക്ഷേ ആ മൂന്ന് മിനിറ്റ് കണക്ക് പരിശോധിച്ചാൽ ഞാനാണ് മൂത്തത്. ഞങ്ങൾ തമ്മിൽ മൂത്തയാളാരാരാണെന്നുള്ള തർക്കം ഇന്നും നിലനിൽക്കുന്നു…

എന്റെ ജനനവും കടത്തിണ്ണയിൽ കണ്ടയാളും തമ്മിൽ എന്തു ബന്ധമെന്നോർക്കുന്നുണ്ടാവും. ഒരു മലയോരപ്രദേശത്തു ഒരു പുതിയ സ്കൂൾ തുടങ്ങുന്നതിനായി എത്തിയ അധ്യാപക ദമ്പതികളുടെ അരുമ സന്തതികൾ ആ നാട്ടുകാരുടെ മുഴുവൻ ഓമനകളായിരുന്നു. താലോലിക്കാൻ അപ്പച്ചനും( കടത്തിണ്ണയിൽ കണ്ടയാളെ അങ്ങനെയാണ് നാട്ടിൽ അറിയപ്പെടുന്നത് ) ആവശ്യപ്പെടാറുണ്ടായിരുന്നു.
അച്ഛനോട് കുഞ്ഞുങ്ങളെ എടുക്കാൻ തരണമെന്ന് പറയും. അപ്പോൾ അച്ഛൻ തോർത്തും സോപ്പുമെടു ത്തു കൊടുത്തു കുളിച്ചിട്ടു വരാൻ പറയും. വല്ലപ്പോഴുമേ കുളിയുള്ളൂ…. കുളി കഴിഞ്ഞു വരുമ്പോൾ ഞങ്ങളെ മടിയിൽ വച്ചു കൊടുക്കും. അപ്പോൾ അപ്പച്ചന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്ന് അമ്മ പറയാറുണ്ട്…. ആ സ്നേഹമായിരിക്കണം ഇന്നും ആ കൂക്കു വിളിയിൽ.സ്നേഹത്തിന്റെ വിളി….
തണുപ്പിനെ പ്രതിരോധിക്കാൻ ചൂടു കാപ്പിയും മോന്തികൊണ്ട് ഞാൻ വീടിന്റെ ഉമ്മറത്തേയ്‌ക്ക്‌ വന്നപ്പോൾ അപ്പച്ചനുണ്ട് മുറ്റത്തു നിൽക്കുന്നു.

എന്റെ ചോദ്യത്തിനുത്തരം തരാൻ വന്നതാണോ??

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.