ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞും ഐസും പൊഴിയുന്നത് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ചിലയിടങ്ങളിലുമുണ്ട്. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് പോലീസ് നൽകുന്ന നിർദേശം. പല പ്രദേശങ്ങളിലും യെല്ലോ അല്ലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബർ അലർട്ടും നിലവിൽ നൽകിയിട്ടുണ്ട്. രാത്രിയിൽ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് തണുപ്പ് വീണ്ടും കൂടുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ് മാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ഒരുപക്ഷെ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.
ഇന്ന് രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും,യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള താപനില ഉയരാൻ ഇത് കാരണമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകൻ നിക് മില്ലെർ പറയുന്നത്. ബുധനാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിസാരമായി കാണരുതെന്നും, മഞ്ഞു വീഴ്ച മൂലം തടാകങ്ങൾ തണുത്തുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Leave a Reply