ന്യൂസ് ഡെസ്ക്
ബ്രിട്ടൺ തണുത്തുറയുന്നു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് യുകെയിലെമ്പാടും ആഞ്ഞടിക്കാൻ തുടങ്ങി. അതിശക്തമായ ശീതക്കാറ്റ് റഷ്യയിൽ നിന്നാണ് യുകെയിൽ ശൈത്യം വിതയ്ക്കുന്നത്. പവർകട്ട്, മൊബൈൽ ഫോൺ ഔട്ടേജ്, ട്രെയിൻ ക്യാൻസലേഷൻ എന്നിവയും അതിശൈത്യം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിക്കൊണ്ട് സ്റ്റോം എമ്മ വ്യാഴവും വെള്ളിയും വീശിയടിക്കും. താപനില മൈനസ് 15 വരെ താഴും. ആർട്ടിക് റീജിയന്റെ സമാനമായ തണുപ്പാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. യുകെയിലെമ്പാടും തിങ്കളാഴ്ചയോടെ മഞ്ഞുവീഴ്ച തുടങ്ങി. മെറ്റ് ഓഫീസ് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി താപനില താഴുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസടക്കം യുകെ മുഴുവനായും അതിശൈത്യത്തിന്റെ പിടിയിലമരും. കടുത്ത ശൈത്യത്തെ നേരിടാൻ യുകെ തയ്യാറെടുക്കുകയാണ്.
ബുധനാഴ്ച രാത്രിയോടെ എട്ടിഞ്ചുവരെ മഞ്ഞ് ഈസ്റ്റേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ വീഴും. ഗതാഗത സ്തംഭനവും വൈദ്യുതി തടസങ്ങളും മഞ്ഞുവീഴ്ച മൂലമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്കി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ എമർജൻസി സർവീസുകൾ തയ്യാറെടുപ്പുകൾ തുടങ്ങി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂവും യാത്രാ തടസവും നേരിടും. ദീർഘദൂര യാത്രകൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മെറ്റ് ഓഫീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഭക്ഷണസാധനങ്ങൾ, വെള്ളം, ബ്ലാങ്കറ്റ്, ടോർച്ച്, ഫസ്റ്റ് എയിഡ് കിറ്റ്, പൂർണമായി ചാർജ് ചെയ്ത ഫോൺ, മഞ്ഞ് കോരാനുള്ള ഉപകരണങ്ങൾ, കാർ സ്റ്റാർട്ട് ചെയ്യാനായി ജംപർ ലീഡുകൾ, ഡീ ഐസിംഗ് ഫ്ളൂയിഡ് എന്നിവ കൂടെ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നതും പ്രധാന റോഡുകളിലൂടെ മാത്രം യാത്ര ചെയ്യണം. ഈ റോഡുകൾ ഹൈവേ ഏജൻസി ഗ്രിറ്റ് ചെയ്യുന്നതിനാൽ മറ്റു റോഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായിരിക്കും. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പു വരുത്തണം. ഓയിൽ, എഞ്ചിൻ ഫ്ളൂയിഡ് ലെവലുകളും ടയർ പ്രഷറും യാത്രയ്ക്ക് മുൻപ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കി.
നോർവേയ്ക്കും ഐസ് ലാൻഡിനും സമാനമായ താപനിലയിലേക്ക് യുകെ വരുമെന്ന് വിദഗ്ദർ പറയുന്നു. വീടുകളിൽ കുറഞ്ഞത് 18 ഡിഗ്രി ചൂടു കിട്ടുന്ന രീതിയിൽ ഹീറ്റിംഗ് സെറ്റ് ചെയ്യണമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ വിതറുന്നതിനായി 1.5 മില്യൺ ടൺ സോൾട്ട് ഗ്രിറ്റ് കൗൺസിലുകൾ ശേഖരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. ഫ്ളൈറ്റ് സർവീസുകളെയു അതിശൈത്യം ബാധിച്ചു. യൂറോപ്പിൽ നിരവധി ഫ്ളൈറ്റുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നുള്ള അറുപതോളം സർവീസുകൾ ബ്രിട്ടീഷ് എയർവെയ്സ് റദ്ദാക്കിയിട്ടുണ്ട്.
Leave a Reply