ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയറിൽ വൻതോതിൽ വിഷാംശമുള്ള കൃത്രിമ പാൽ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്രിമ പാൽ നിർമിക്കുന്ന മൂന്നു ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. വെള്ളിയാഴ്ച ഗ്വാളിയർ-ചാംബാൽ റീജിയണിലായിരുന്നു സംഭവം.
ആറ് സംസ്ഥാനങ്ങളിലെ ബ്രാൻഡഡ് പാൽ കമ്പനികൾക്കു ഇവിടെനിന്നായിരുന്നു പാൽ നൽകിയിരുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ ബ്രാൻഡഡ് കമ്പനികളിലേക്കാണ് പാൽ വിതരണം ചെയ്തിരുന്നത്.
ബിന്ദ് ജില്ലയിലെ ലഹാറിലും മൊറേന ജില്ലയിലെ അംബയിലുമാണ് കൃത്രിമ പാൽ നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് 10,000 ലിറ്റർ വ്യാജ പാൽ പിടിച്ചെടുത്തതായി സ്പെഷൽ ടാസ്ക്സ് ഫോഴ്സ് തലവൻ രാജേഷ് ബധോരിയ പറഞ്ഞു. 500 കി. വെണ്ണ, 200 കി. പനീർ എന്നിവയും പിടിച്ചെടുത്തു. വ്യാജ പാൽ നിറച്ച 20 ടാങ്കറുകളും 11 പിക്അപ് വാനുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്രിമ പാൽ നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഡിറ്റർജന്റ്, എണ്ണ, ഗ്ലൂക്കോസ് പൗഡർ, എന്നിവയും വൻതോതിൽ മൂന്നു യൂണിറ്റുകളിൽനിന്നായി കണ്ടെടുത്തു.
ഒരു ലിറ്റർ കൃത്രിമ പാൽ നിർമിക്കുന്നതിന് 30 ശതമാനം ശുദ്ധമായ പാൽ ഉപയോഗിക്കും. ഇതിനൊപ്പം എണ്ണ, പത ലഭിക്കാൻ ലിക്വിഡ് ഡിറ്റർജന്റ്, നിറം ലഭിക്കാൻ വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൊടി എന്നിവയും ചേർക്കും. ഇതോടെ നല്ല പാലിനേക്കാൾ കാഴ്ചയിലും രുചിയിലും മികച്ചു നിൽക്കുന്ന വ്യാജൻ റെഡിയാകും. ഇതേ രീതിയിൽ മറ്റ് പാൽ ഉത്പന്നങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്.
ഒരു ലിറ്റർ കൃത്രിമ പാൽ ഉണ്ടാക്കാൻ അഞ്ച് രൂപയാണ് ചെലവ്. എന്നാൽ ഇവ വിൽക്കുന്നത് ലിറ്ററിന് 45 രൂപ മുതൽ 50 രൂപ വരെ വില ഈടാക്കിയാണ്. കൃത്രമി വെണ്ണയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് വില. ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യാജ പാൽ നിർമാണ യൂണിറ്റുകളിലൊന്നിൽ രണ്ട് ലക്ഷം ലിറ്റർ വ്യാജ പാലാണ് ദിവസവും നിർമിക്കുന്നത്
Leave a Reply