അര്‍ദ്ധരാത്രിയിലും രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത് തുടരുന്നു. ഈ വിധത്തില്‍ ഒഴിവാക്കപ്പെടുന്ന രോഗികഴളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരം. രാത്രിയില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി നിര്‍ത്തലാക്കുമെന്ന വാഗ്ദാനങ്ങള്‍ നിലവിലുള്ളപ്പോളാണ് ഇത് ഇപ്പോഴും തുടരുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ 6 മണിക്കുമിടെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും മനുഷ്യത്വ രഹിതവുമായ ഹെല്‍ത്ത് സര്‍വീസിനെയാണ് ഇത് കാണിക്കുന്നതെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.
ഡിമെന്‍ഷ്യ രോഗികളായ പ്രായമായ ചിലര്‍ ഈ വിധത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് തെരുവില്‍ അലഞ്ഞു തിരിയുകയും മരണപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്നും ചാരിറ്റികള്‍ അറിയിച്ചു. ഈ സമ്പ്രദായം നിര്‍ത്തണമെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആവശ്യപ്പെട്ടതിനു ശേഷം അവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു. 2012ല്‍ എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറായിരുന്ന സര്‍ ബ്രൂസ് കിയോ ആണ് രാത്രി ഡിസ്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം ആദ്യമായി നല്‍കിയത്. പ്രായമായവരെ രാത്രിയില്‍ തണുത്ത കാലാവസ്ഥയില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് പറഞ്ഞയക്കുന്നതിനേക്കുറിച്ച് പിന്നീട് ഒട്ടേറെ ഹെല്‍ത്ത് വാച്ച്‌ഡോഗുകള്‍ മുന്നറിയിപ്പുകളും നല്‍കിയിരുന്നു.
2017-18 കാലയളവില്‍ 258,698 പേര്‍ രാത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അവയില്‍ 25 ശതമാനത്തോളം പ്രായമായ രോഗികളാണ്. 75 വയസിനു മേല്‍ പ്രായമുള്ള പതിനായിരക്കണക്കിന് രോഗികള്‍ ഇവരിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 109 എന്‍എച്ച്എസ് അക്യൂട്ട് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളില്‍ നിന്നുള്ള കണക്കുകളാണ് ഇതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
Leave a Reply