ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജി സി എസ് ഇ, എ ലെവൽ പരീക്ഷകളുടെ വ്യാജ ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ പരീക്ഷാ ബോർഡുകൾ മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ തടയുന്നതിനായി സമൂഹ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നാണ് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് (ജെസിക്യു) ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ എട്ട് പരീക്ഷാ ബോർഡുകളെ പ്രതിനിധീകരിക്കുന്നതാണ് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് (ജെസിക്യു).
ഈ വർഷത്തെ ചോദ്യപേപ്പർ ആണ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്ന ഒട്ടേറെ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ക്വസ്റ്റ്യൻ പേപ്പർ വിറ്റഴിക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നതുപോലെയുള്ള അവകാശ വാദങ്ങൾ തെറ്റാണെന്ന് ജോയിൻ്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷൻസ് പറഞ്ഞു. ജെ സി ക്യു പറയുന്നത് അനുസരിച്ച് യഥാർത്ഥ ചോദ്യപേപ്പറുകൾ ഓൺലൈനിൽ ചോരാനുള്ള സാധ്യത വളരെ കുറവാണ്.
തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പരീക്ഷാ പേപ്പറുകൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ടിക് ടോക്കും ഇൻസ്റ്റാഗ്രാമും അറിയിച്ചു. ഇതിനിടെ സമൂഹമാധ്യമങ്ങൾ വഴി കബളിപ്പിക്കൽ സംഘങ്ങൾ ചോദ്യപേപ്പർ വിൽക്കാൻ ശ്രമിച്ചതിൻ്റെ കൂടുതൽ സംഭവങ്ങൾ പലരും വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ജി സി എസ് ഇ പേപ്പറിനായി 500 പൗണ്ട് ആവശ്യപ്പെട്ടതായി ഒരാൾ പറഞ്ഞു. വളരെ എളുപ്പത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം സംഘങ്ങളെ കണ്ടെത്താനാകുമെന്ന് സ്വിൻഡനിലെ കോമൺവെൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷാ ബോർഡിലെ വിദഗ്ധർ സമൂഹമാധ്യമങ്ങളിലെ ഇത്തരം സംഘങ്ങളെ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ മറ്റേതൊരു സോഷ്യൽ മീഡിയ ഉപയോക്താക്കളെയും പോലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമേ അവർക്ക് കഴിയൂ. ഇൻസ്റ്റാഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റയുടെ വക്താവ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പരീക്ഷകളോ ഉത്തരക്കടലാസുകളോ വിൽക്കാൻ അനുവദിക്കുകയില്ലെന്നും ഫ്ലാഗ് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും പറഞ്ഞു. 16-നും 19-നും ഇടയിൽ പ്രായമുള്ള 150,000-ലധികം വിദ്യാർത്ഥികൾ യുകെ ഉൾപ്പെടെ 143 രാജ്യങ്ങളിൽ ഈ പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് .
Leave a Reply