യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്. ചിത്രയും യേശുദാസും മാര്‍ക്കോസും ഈ പാട്ട് പാടിയിട്ടുണ്ട്. ആരു പാടിയാലും ആത്മീയാനുഭൂതി തരുന്ന പാട്ട്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലെന്ന ചിത്രം ഒരുപാട് നല്ല പാട്ടുകളുള്ള ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ മലയാളത്തിന് സുന്ദരമായ ഒരു ക്രിസ്മസ് ഗീതവും കിട്ടി. കരുണാര്‍ദ്രമായ ഒരു ഗാനമാണിത്. ആയിരം മെഴുകുതിരി വെട്ടത്തില്‍ തിളങ്ങുന്ന പള്ളിക്കുള്ളില്‍ നിന്ന് തിരുരൂപത്തെ നോക്കി നിറകണ്ണുകളോടെ ആരോ നിന്നു പാടുന്ന ചിത്രം മനസിലേക്ക് തരുന്ന ഗാനം. കടലിന്നു മീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിത വഴികളിലേക്ക് കേഴ്‌വിക്കാരനെ നയിക്കുന്ന പാട്ട്. മരണസമയത്ത് മെയ് തളര്‍ന്ന് കിടക്കുമ്പോള്‍ അരികില്‍ വരണമെന്ന് പറഞ്ഞ് ആ വിശുദ്ധ ജന്മത്തോട് പച്ചയായ മനുഷ്യര്‍ എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പറയുന്ന പാട്ട്. മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശിലേറിയ ഈശോയോട് വേദന നിറഞ്ഞ സ്വരത്തില്‍ ഭക്തിമാത്രം തുളുമ്പുന്ന ഒരു മനസ്, ഉള്ളം തുറന്നു പാടിയ ഈ പാട്ട് കാലാതീതം തന്നെയാണ്.
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളായി ഒരു ‘സ്‌നേഹ സ്വരൂപന്റെ’ മധുര സ്വരത്തിനു പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ കുടിലിന്റെ ഓരത്ത് കുഞ്ഞിത്തോര്‍ത്തുമുടുത്ത് നിന്ന് അവന്‍ മധുര സ്വരം പൊഴിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന ആ ശബ്ദ സൗകുമാര്യത്തിനു മുന്നില്‍ മലയാളക്കര കണ്ണു നട്ടിരുന്ന നിമിഷങ്ങളായിരുന്നു പിന്നെ കടന്നു പോയത്. ‘വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ സ്‌നേഹ സ്വരൂപനേ’…അവന്‍ മധുര സ്വരം മീട്ടുകയാണ്. കാതുകളില്‍ നിന്നും ഹൃദയങ്ങളിലേക്ക് അവന്റെ ശബ്ദം പ്രവഹിച്ചതോടെ പിന്നെ അതാരാണെന്നറിയാനുള്ള ശ്രമമായി. ലൈക്കുകളും ഷെയറുകളും കൊണ്ട് ആ ‘കുഞ്ഞിക്കലാകാരനെ’ ഏവരും വാനോളം ഉയര്‍ത്തി. ഇപ്പോഴിതാ തിരശ്ശീലയുടെ മറ നീക്കി ആ മധുര സ്വരം പുറത്തു വന്നിരിക്കുകയാണ്. ഒരു രാപ്പകല്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രശസ്തനാക്കിയ അതേ സോഷ്യല്‍ മീഡിയ തന്നെ അവനെ കണ്ടെത്തി.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് ആണ് ആ ഗായകന്‍. ചെമ്പഞ്ചേരി എഎല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ആ പാട്ട് വൈശാഖിന് വെറുമൊരു നേരമ്പോക്കല്ലെന്ന് അച്ഛന്‍ രാഘവന്‍ പറയുന്നു. ദൈവത്തോടുള്ള അവന്റെ പ്രാര്‍ത്ഥനയാണ് ആ വരികള്‍ നിറയെ. ജന്‍മനാ ഇരു കണ്ണിനും കാഴ്ചയില്ല. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടായ പ്രമേഹമാണ് വൈശാഖിന്റെ കണ്ണുകളെ ബാധിച്ചതെന്നും രാഘവന്‍ പറഞ്ഞു. ആറു വയസ്സിനുള്ളില്‍ വൈശാഖിന്റെ കണ്ണുകള്‍ക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. ഇപ്പോള്‍ വലതുകണ്ണിനു ചെറിയ കാഴ്ചയുണ്ടെന്നും രാഘവന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈശാഖിനു ചികില്‍സ തുടരുകയാണ്. സെപ്റ്റംബര്‍ 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാനാണ് വൈശാഖിന്റെ അച്ഛന്‍ രാഘവന്‍. അമ്മ ബിന്ദു വീട്ടമ്മയാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്കു ചെറിയ പ്രശ്‌നമുണ്ട്. രാഘവനു ഹോട്ടലില്‍നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നല്ല ചികിത്സ കൊടുത്താല്‍ ഒരു പക്ഷേ വൈശാഖിന് കാഴ്ച തിരിച്ചു കിട്ടിയേക്കാം. വൈശാഖിനെ ഹൃദയത്തിലേറ്റു വാങ്ങിയ സുമനസുകള്‍ അവന്റെ കണ്ണില്‍ വെളിച്ചമെത്തിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാഘവന്‍.
[ot-video][/ot-video]
Leave a Reply