സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ?
നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്. ക്രിമിനൽ മാനസികാവസ്ഥ ഉള്ള ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ മൃഗീയമായി കൊന്നുകളഞ്ഞ വാർത്ത പടർന്നപ്പോൾ നാട്ടിലുള്ള എല്ലാ സ്ത്രീകളും മക്കളെക്കൊല്ലുന്നവരായി മാറി. അവൾ കാമുകനൊപ്പം ജീവിക്കാനാണ് അത് ചെയ്തത് എന്നു വെളിപ്പെടുത്തിയപ്പോൾ ഇവിടുള്ള എല്ലാ പെണ്ണുങ്ങളും കാമുകൻമാരുള്ള കാമഭ്രാന്തികൾ ആയിമാറി. അവളുടെ ശരീരഭാഗങ്ങളിൽ മുളകുപൊടി തേക്കണം എന്നും അവളെ പലതരത്തിൽ പീഢിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങളാണ് സ്ത്രീകൾ ഉൾപ്പെടെ പറയുന്നത്. തെറ്റുചെയ്യുന്നവരെ ബലാത്സംഗം ചെയ്തു കൊല്ലണം എന്നൊക്കെ പറയുന്നത് മറ്റൊരു തരത്തിലുള്ള മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.

കാമുകനൊപ്പമുള്ള ജീവിതം കൊതിച്ച് നൊന്തുപെറ്റ ഓമനക്കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു ഭ്രാന്തിയുടെ പ്രവർത്തിക്ക് ഉത്തരം പറയേണ്ടതും അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നതും മുഴുവൻ സ്ത്രീകളും കൂടിയാണന്നുള്ളതാണ് വിഷമകരമായ കാര്യം. എങ്കിൽ ഒന്ന് പറയട്ടെ.. ഒരു നെറികെട്ട കാമുകനും വേണ്ടിയും സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് നുള്ളിനോവിക്കാൻ പോലും മനസ്സില്ലാത്ത സ്ത്രീകളാണ് ഇവിടെയുള്ളതിൽ കൂടുതലും. സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും, ഉപയോഗിച്ചു സുഖിച്ചിട്ടു കൊന്നുകളയുകയും ചെയ്യുന്ന ഒരുപാട് അച്ചന്മാരുണ്ട് നാട്ടിൽ. എന്നുകരുതി ഇവിടെയുള്ള എല്ലാ അച്ഛന്മാരും പീഡകരും, ബലാത്സംഗികളും, കൊലപാതകികളും അല്ല. അവരുടെയൊക്കെ മാത്രം നാടാണ് ഇത് എന്നങ്ങു ഉറപ്പിക്കാനും കഴിയില്ല.

മനുഷ്യരിൽ വ്യെത്യസ്തങ്ങളായ സ്വഭാവ രീതികൾ ഉള്ള ആളുകൾ ഉണ്ട്. പലരിലെയും ക്രിമിനൽ സ്വഭാവവും, പ്രകടിപ്പിക്കുന്ന അളവും കൂടിയും കുറഞ്ഞും ഒക്കെയിരിക്കും. അല്ലാതെ ആണായതുകൊണ്ട്, പെണ്ണായതുകൊണ്ടു എന്നൊന്നും തരം തിരിച്ചു കുറ്റകൃത്യത്തെ ലഘൂകരിക്കാനോ പർവ്വതീകരിച്ചു കാണിക്കാനോ ഒന്നും ആകില്ല. സ്ത്രീകളെ മുഴുവൻ തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നവർ ഒന്ന് ചിന്തിക്കണം. നിങ്ങളുടെയൊക്കെ ഓരോ വീടുകളിലും ഈ വാർത്തകൾ പോലും അറിയാതെ പാചകം ചെയ്തും പശുവിനെ നോക്കിയും, മക്കളെ വളർത്തിയും ഒക്കെ സ്വന്തം കാര്യംപോലും ശ്രദ്ധിക്കാൻ സമയം തികയാത്ത പെണ്ണുങ്ങൾ ഉണ്ട്. നിങ്ങൾ വലിച്ചെറിയുന്ന ഓരോ ഉരുളൻ കല്ലുകളും ഈ പാവപ്പെട്ടവരുടെ ആത്മാർത്ഥതയെ കൂടിയാണ് മുറിപ്പെടുത്തുന്നത്.അതുപോലെ മക്കൾക്ക്‌ വേണ്ടിമാത്രം പലതും സഹിച്ച് ജീവിക്കുന്നവരും, മരിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഇവരെല്ലാവരും നിങ്ങളൊക്കെ പറയുന്നപോലെ കാമഭ്രാന്തികളൊന്നും അല്ല. എന്തെങ്കിലും കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ ഈർക്കിൽ കൊണ്ടൊന്നു കൊട്ടിയാൽ രാത്രിമുഴുവൻ കൊട്ട് കൊണ്ടിടം ഊതി ഉമ്മകൾ കൊടുത്തു തഴുകി, ഉറങ്ങാതിരുന്ന അമ്മമാരും ഉണ്ട്. ഒരു സ്ത്രീ അപകടകാരിയാണ് എന്നറിയുമ്പോൾ ലോകത്തുള്ള എല്ലാ സ്ത്രീകളും വൃത്തികെട്ടവളുമാർ എന്ന തരത്തിലേക്ക് തരംതാണ് ചിന്തിക്കുവാൻ തോന്നുന്നതും ഒരു മനോരോഗമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തതായി അവൾ കാമുകി ആയതാണ് പ്രശ്നം. സത്യത്തിൽ അവൾക്കൊരു കാമുകനുണ്ടന്നതിൽ നമുക്കൊക്കെ എന്താണിത്ര പ്രശ്നം. പക്ഷെ അതിന്റെ പേരിൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കിയതാണ് തെറ്റ്. ഭഗവാൻ കൃഷ്ണനെക്കാൾ അധികം കാമുകിമാരുള്ള, ചില കുലപുരുഷന്മാർ, കാമുകൻ ഉള്ളത് എന്തോ വലിയ പാപമാണ് എന്നരീതിയിൽ fb യിൽ തള്ളുന്ന തള്ളൽ ഉണ്ടല്ലോ? തനി ആഭാസന്മാരാണ് ഇവരൊക്കെ എന്നു പറയേണ്ടി വരുന്നു. പിന്നെ സ്ത്രീകളോട് ചിലതു പറയാം. പ്രണയിക്കുന്നത് ഒരു തെറ്റൊന്നും അല്ല. പക്ഷെ മറ്റുള്ള ഒരാളെയും ദ്രോഹിക്കുന്ന തരത്തിലാകരുത്. കാമുകനെ തെരഞ്ഞെടുക്കുമ്പോൾ അന്തസ്സുള്ളവനെ വേണം തെരഞ്ഞെടുക്കാൻ. പ്രണയത്തിന്റെ പേരിൽ പിറകെ നടന്നു ശല്യം ചെയ്യുന്നവനെയോ, നിങ്ങൾ എന്ന വ്യക്തിയെ കരിവാരിത്തേച്ച് തകർക്കാൻ സാധ്യത ഉള്ളവനെയോ ആകരുത്.നിനക്കു മക്കളുണ്ടങ്കിൽ, അതിനെ ഒഴിച്ചുനിർത്തണം എന്നു നിർബന്ധം പിടിക്കുന്നവനോടു പോടാ പുല്ലേ എന്ന് പറയുവാനുള്ള തന്റേടം വേണം.

മക്കൾക്ക്‌ നേരെ എന്ത് അധിക്രമം കാണിക്കുന്നവനായാലും നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കൊന്നുകളഞ്ഞേക്കണം. ശേഷം നിങ്ങൾക്ക് ജയിലിൽ പോകുകയോ ആത്മഹത്യ ചെയ്യുകയോ ആകാം. കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ കഴിയാത്തവർ പ്രസവം നിർത്തി വിവാഹം കഴിക്കുകയൊ കുഞ്ഞുങ്ങളെ പ്രസവിക്കാതിരിക്കുകയോ ചെയ്യണം. ചില മൃഗങ്ങളെപ്പോലെ പെറ്റിട്ട് ഭക്ഷിക്കരുത്. നിങ്ങള്ക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞുങ്ങളെക്കാൾ പ്രധാനമാണെങ്കിൽ അതിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം. കൊന്ന്കളയരുത്. ഏതേലും അലന്ന ഒരുത്തനെ പ്രണയിച്ചുപോയാൽ അവന്റെയൊപ്പം ജീവിക്കണമെന്നും പറഞ്ഞു അനാവശ്യം കാണിച്ചു ലോകത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകളെ മുഴുവൻ പ്രതിക്കൂട്ടിലാക്കരുത്. ഒരുത്തിക്കു ഭ്രാന്തു മൂത്തപ്പോൾ, അതിനെ കാമഭ്രാന്തായി കണക്കാക്കി, അതിന്റെ പാപം എല്ലാ സ്ത്രീകളുടെയും തലയിൽ ചാർത്തരുത്. നാട്ടിലെ മര്യാദയുള്ള എല്ലാ സ്ത്രീകളും അത്തരത്തിലുള്ള കാമഭ്രാന്തികളും അല്ല. ക്രിമിനൽ മനസ്സുള്ള, മറ്റുള്ളവരെ കൊന്ന് ഭ്രാന്തു തീർക്കുന്ന ഏതൊരു മനുഷ്യനും അങ്ങേയറ്റത്തെ ശിക്ഷതന്നെ കിട്ടണം.

നന്മയുള്ള, സാധാരണ മനസുള്ള ഒരു അമ്മയ്ക്കും ഒരു കുഞ്ഞിനേയും കൊല്ലാൻ കഴിയില്ല.ഏതോ ഒരുത്തനെ ആഗ്രഹിച്ചു സ്വന്തം കുഞ്ഞിനെ കുരുതി കൊടുത്ത അവരെ ലോകം മുഴുവൻ കല്ലെറിയട്ടെ. അർഹിക്കുന്ന ശിക്ഷതന്നെ നിയമ സംവിധാനങ്ങൾക്ക് നൽകുവാൻ കഴിയട്ടെ. മുലപ്പാലിനു കൊതിപൂണ്ട് ഉണർന്നു കരഞ്ഞപ്പോൾ പെറ്റമ്മയുടെ അനീതിക്ക് പാത്രമായി മരണമടഞ്ഞ കുഞ്ഞാവയ്ക്ക് മാപ്പ്. ആദരാഞ്ജലികൾ,