പ്രളയത്തിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസവും. കൊടിയത്തൂർ വില്ലേജിന്റെയും കുമാരനല്ലൂർ വില്ലേജിന്റെയും അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻമലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയിൽ പെട്ടത്. മണ്ണിനടിയിൽ നിന്ന് മണലും ചീടിമണ്ണും ഉൾപ്പെടെ പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരിശോധിക്കുകയായിരുന്നു. സംഭവത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ ബാലകൃഷ്ണൻ ഉടൻ തന്നെ ഇവിടെ നിന്ന് രക്ഷപ്പെട്ടു.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് സോയിൽ പൈപ്പിംഗ് എന്ന് സോയിൽ ഫോർ എർത്ത് സ്റ്റഡീസിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീകുമാർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തിയെങ്കിൽ മാത്രമേ വ്യക്തമായ കാരണം മനസിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply