തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്നില്‍ ഇന്നലെ ഹാജരായ മുഖ്യമന്ത്രി കമ്മീഷനോടൊപ്പം ചെലവിട്ടത് പതിനാലു മണിക്കൂര്‍. രാവിലെ പതിനൊന്നിന് ആരംഭിച്ച സിറ്റിംഗ് പൂര്‍ത്തിയാക്കി പൂലര്‍ച്ചെ 1.15നാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ലെന്ന് അറിയിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നുണപരിശോധനക്ക് തയാറാണോ എന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്. തന്റെ കക്ഷി നുണപരിശോധനക്ക് തയാറാണെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സിറ്റിംഗിന്റെ ഒടുവില്‍ രാത്രി 12 മണിയോടെയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചത്. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങള്‍ എന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. നുണപരിശോധനക്ക് തയാറല്ലെന്ന് കമീഷന് മൊഴി നല്‍കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താന്‍ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമോ അവര്‍ക്ക് ലാഭമോ ഉണ്ടായിട്ടില്ല. താന്‍ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.