ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയില്‍ പടയൊരുക്കം. ബിപ്ലവ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എട്ടോളം എംഎല്‍എമാര്‍ ഡല്‍ഹിയില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തെ നേരില്‍ക്കണ്ട് ആവശ്യം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ സ്വഭാവമുള്ളതും ജനപ്രീതിയില്ലാത്തതും അനുഭവപരിചയവുമില്ലാത്ത ഭരണമാണെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം.

സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, ബര്‍ബ് മോഹന്‍ ത്രിപുര, പരിമള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. 60 അംഗ സഭയിലെ ബി.ജെ.പിയുടെ 36 നിയമസമാജികരില്‍ രണ്ടുപേരുടെ കൂടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് സംഘം അവകാശപ്പെടുന്നത്. ബിരേന്ദ്ര കിഷോര്‍ ഡെബ് ബര്‍ണാം, ബിപ്ലാബ് ഘോഷ് എന്നിവരും ഞങ്ങളോടൊപ്പമുണ്ട്. എന്നാല്‍ കോവിഡ് ബാധിതരായതിനാലാണ് ഇരുവര്‍ക്കും ഡല്‍ഹിയില്‍ എത്താന്‍ സാധിക്കാതിരുന്നതെന്നും സുശാന്ത ചൗധരി വ്യക്തമാക്കി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ നേരില്‍ക്കണ്ട് കാര്യം അവതരിപ്പിക്കാനുള്ള അനുമതി സംഘം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ത്രിപുരയില്‍ കാര്യങ്ങള്‍ ധരിപ്പിക്കാനും വിമത എം.എല്‍.എമാര്‍ ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാനത്ത് ദീര്‍ഘകാലം അധികാരത്തില്‍ തുടരണമെങ്കില്‍ ദേബിനെ നിര്‍ബന്ധമായും നീക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. സ്വേച്ഛാധിപത്യമാണ് ത്രിപുരയില്‍ സംഭവിക്കുന്നത്. പാര്‍ട്ടി എംഎല്‍എമാരെപ്പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. രണ്ട് ഡസനിലധികം വകുപ്പുകളുടെ ചുമതല അദ്ദേഹം സ്വയം വഹിക്കുകയാണ്. റിക്ഷ വലിക്കുന്നവര്‍ മുതല്‍ കച്ചവടക്കാരും വ്യവസായികളുമൊക്കെ മുഖ്യമന്ത്രിക്കെതിരെ നീരസം പ്രകടിപ്പിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയേക്കും. കോവിഡ് സാഹചര്യത്തിലും സംസ്ഥാനത്ത് ഒരു ആരോഗ്യമന്ത്രിയില്ല എന്നതാണ് സ്ഥിതി. ഇപ്പോള്‍ ഒരു സര്‍വേ നടത്തിയാല്‍ നൂറില്‍ 98 പേരും അദ്ദേഹത്തെ നീക്കം ചെയ്യണമെന്നായിരിക്കും പറയുകയെന്നും സുശാന്ത ചൗധരി പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപിക്കെതിരെയോ അതിന്റെ നേതൃത്വത്തിനെതിരെയോ പരാതിയില്ലെന്ന് ആവര്‍ത്തിച്ച ചൗധരി തങ്ങള്‍ ബിജെപി പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശ്വസ്തരാണെന്നും കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സര്‍ക്കാരിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയില്ലെന്നാണ് ദേബുമായി ഏറെ അടുപ്പമുള്ള എംഎല്‍എമാരും ബിജെപി നേതാക്കളും പ്രതികരിച്ചത്. സര്‍ക്കാര്‍ വളരെ സുരക്ഷിതമാണ്. ഏഴോ എട്ടോ എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ് പറയാനാകുമെന്നും ത്രിപുര ബിജെപി പ്രസിഡന്റ് മാണിക് സാഹ പ്രതികരിച്ചു. എംഎല്‍എമാര്‍ക്ക് പരാതികളുള്ളതായി കേട്ടിട്ടില്ല. മാത്രമല്ല, ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടിക്കു പുറത്ത് ചര്‍ച്ച ചെയ്യാറുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് സുദീപ് റോയ് ബര്‍മനെ സന്ദര്‍ശിച്ച് നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നും പ്രധാനമന്ത്രി നിര്‍ദേശിക്കാത്തപക്ഷം അത്തരം തീരുമാനങ്ങള്‍ പാര്‍ട്ടി എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

2017ല്‍ ബിജെപിയില്‍ ചേര്‍ന്ന ഏഴ് മുന്‍ കോണ്‍ഗ്രസ് നേതാക്കളില്‍പ്പെട്ടവരാണ് സുശാന്ത ചൗധരിയും സുദീപ് ബര്‍മനും. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സുദീപ് ബര്‍മനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ബിജെപിയിലേക്ക് കൊണ്ടുവന്ന ബര്‍മന് പാര്‍ട്ടി സംസ്ഥാന യൂണിറ്റിന്റെ പൂര്‍ണ പിന്തുണയില്ലെന്നാണ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.