ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കിരണിന്‍റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് കണ്ടെത്തിയത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അയൽവാസിയായ കിരൺ കുറ്റം സമ്മതിച്ചത്. അമ്മയും ദിനേശനുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇലക്ട്രിക്ക് ജോലി അറിയുന്ന കിരൺ വീടിന്റെ പിൻഭാഗത്ത് ഒരുക്കിയ കെണിയിൽ ദിനേശൻ വീഴുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം പാടശേഖരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷവും പ്രതി കിരൺ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമെല്ലം മുന്നിലുണ്ടായിരുന്നു. സംഭവത്തിൽ കിരണിനെ ഇന്നലെ പുന്നപ്രയിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
Leave a Reply