എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ച മകനെ പൊലീസ് പിടികൂടിയത് കഠിന പരിശ്രമത്തിനൊടുവിലാണ്. ലഹരിക്ക് അടിമയായ ഷൈന്‍ ആണ് സ്വന്തം മാതാപിതാക്കളായ ഷാജി (50), ബിജി (48) എന്നിവരെ കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും കുത്തേറ്റ ഷാജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പറയുകയാണ് നടക്കാവ് എസ് എച്ച് ഒ.
അദ്ദേഹത്തിന്റെ വാക്കുകള്‍
രാത്രി 10.30 മണിയോടെയാണ് എസ്‌ഐ സംഭവത്തെ കുറിച്ച് എന്നെ അറിയിക്കുന്നത്.ആ സമയത്ത് പ്രതി തന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അവരെ വളരെ പരിശ്രമപ്പെട്ടാണ് രക്ഷിച്ചത്. പിന്നീടാണ് കാല് പൊട്ടിക്കിടക്കുന്ന അച്ഛനെ കുത്തികൊല്ലുമെന്ന അവസ്ഥയിലേക്ക് പ്രതി എത്തിയത്. അപ്പോഴാണ് എസ്‌ഐയുടെ കോള്‍ എത്തുന്നത്.
ഗുരുതരാവസ്ഥ മനസിലായതോടെ തോക്ക് കൂടെക്കരുതി. അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ച് അനുമതി ചോദിച്ചു. വളരെ സൂക്ഷിക്കണം, അത്യാവശ്യം വന്നാല്‍ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
തുടര്‍ന്ന് 10.30 മുതല്‍ 1.30 വരെ അവനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ പെട്ടെന്നവന്‍ ഭയങ്കരമായി വയലന്റായി. ഇനി അച്ഛന്‍ ഈ ഭൂമിയില്‍ വേണ്ട, തന്നെ ശ്രദ്ധിക്കാതെ പെങ്ങള്‍ക്കു മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും പറഞ്ഞാണ് കുത്താന്‍ ചെന്നത്.
ചെറിയൊരു റൂമായതിനാല്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കഴിയാത്ത അവസ്ഥയായിരുന്നു, അച്ഛനെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോള്‍ ജോലി പോയാലും വേണ്ടീല എന്ന് കരുതി ഫയര്‍ ചെയ്യുകയായിരുന്നു. യൂണിഫോമിട്ട് നമ്മള്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പിന്നെന്താണ് കാര്യം? ”
Leave a Reply