മുംബൈ: പള്ളികളിലെ ബാങ്കുവിളിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗം. ഗായകന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തല മുണ്ഠനം ചെയ്താണ് സോനു നിഗം വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനെത്തിയത്. ഒരു മതപ്രശ്നമല്ല, സാമൂഹിക പ്രശ്നമാണ് താന്‍ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദ കൊടുങ്കാറ്റിനാണ് തിരി കൊളുത്തിയത്. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനിടെയാണ് ബാങ്കുവിളിക്കെതിരെ പ്രതികരിച്ച ഗായകന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ്മാല അണിയിക്കുകയും ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി അല്‍ ക്വാദെരി രംഗത്തുവന്നത്.
ഞാന്‍ മതേതര ചിന്താഗതിയുള്ള ഒരു വ്യക്തിയാണ്. ബാങ്കുവിളിക്കെതിരെയല്ല, ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെയായിരുന്നു എന്റെ ട്വീറ്റ്. സ്പീക്കറില്‍ ഇങ്ങനെ ഉച്ചത്തില്‍ ശബ്ദം വയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. ആര്‍ക്കും ആര്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടാം, ഫത്വ പുറപ്പെടുവിക്കാം. ഞാന്‍ ഒരു പ്രത്യേക മതത്തെയും കുറിച്ചല്ല സംസാരിക്കുന്നത്. പള്ളിയെക്കുറിച്ച് മാത്രമല്ല, ക്ഷേത്രങ്ങളെക്കുറിച്ചും ഗുരുദ്വാരകളെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അതാരും ശ്രദ്ധിക്കുന്നില്ല- വാര്‍ത്താസമ്മേളനത്തില്‍ സോനു നിഗം പറഞ്ഞു.
Leave a Reply